അവസാന അഞ്ച് സെക്കന്‍ഡുകളില്‍ എന്താണ് സംഭവിച്ചത്, കിർഗിസ്ഥാന്‍ താരത്തിനു ഇപ്പോഴും ഒന്നും മനസിലാകുന്നില്ല -സാക്ഷി മാലിക്കിനെ നിസാരവത്കരിച്ച എതിരാളിക്ക് സംഭവിച്ചത്

വ്യാഴം, 18 ഓഗസ്റ്റ് 2016 (15:29 IST)
റിയോ ഒളിമ്പിക്‍സ് പതിനൊന്നും ദിവസം പിന്നിടുമ്പോള്‍ ഇന്ത്യക്ക് സ്വര്‍ണ്ണത്തിന്റെ വിലയുള്ള വെങ്കല മെഡല്‍. വനിതകളുടെ 58 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ മത്സരത്തില്‍  മത്സരിച്ച സാക്ഷി മാലിക്കാണ് ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്. കിർഗിസ്ഥാന്റെ ഐസുലു ടിനിബെക്കോവയെ 8–5നു മലർത്തിയടിച്ചാണു സാക്ഷിയുടെ നേട്ടം.

ആദ്യ പകുതി തീരുമ്പോള്‍ 5–0നു എതിരാളി മുന്നിലെത്തിയ ശേഷം ശക്തമായി തിരിച്ചടിച്ച് സാക്ഷിയുടെ ജയം സ്വന്തമാക്കിയതെന്നാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. രണ്ടാം പകുതിയില്‍ രണ്ടു കല്‍പിച്ചുള്ള പോരാട്ടമാണ് സാക്ഷി നടത്തിയത്.

രണ്ട് മിനിട്ടുള്ള രണ്ടാം പകുതിയുടെ ആദ്യ സെക്കന്‍ഡില്‍ എതിരാളിക്ക് പോയന്റ് നേടാന്‍ അവസരം നല്‍കാതിരുന്ന സാക്ഷി എതിരാളിയെ മാറ്റിലേക്ക് മലര്‍ത്തിയടിച്ച് ഐസുലിവിന്റെ ലീഡ് കുറച്ചു. രണ്ട് മിനിട്ടിനുള്ളില്‍ ഒരു തവണകൂടി എതിരാളിയെ മലര്‍ത്തിയടിച്ചതോടെ സാക്ഷിയും എതിരാളിയും തമ്മിലുള്ള പോയന്റ് വ്യത്യാസം കേവലം ഒരു പോയന്റിന്റേതായി. ഇതോടെ മത്സരം അപ്രതീക്ഷിതമായി ഇന്ത്യന്‍ താരത്തിന്റെ വരുതിയിലായി.

ഒരു പോയിന്റുനപ്പുറം മെഡല്‍ ഉണ്ടെന്ന തോന്നല്‍ സാക്ഷിക്ക് ഇരട്ടി ഊര്‍ജമാണ് നല്‍കി. അവസാന അഞ്ചു സെക്കന്‍ഡില്‍  പ്രതിരോധത്തിലായ കിര്‍ഗിസ്ഥാന്‍ താരത്തെ മലര്‍ത്തിയടിച്ച് സാക്ഷി നിര്‍ണായകമായ രണ്ട് പോയന്റ് കൂടി നേടി. ഇതോടെ ഇന്ത്യന്‍ ക്യാമ്പ് ഉണര്‍ന്നു, ആഘോഷവും തുടങ്ങി. അപ്രതീക്ഷിത തിരിച്ചടിയില്‍ പതറിയ കിര്‍ഗിസ്ഥാന്‍ പരിശീലക സംഘം റിവ്യൂ ആവശ്യപ്പെട്ടുവെങ്കിലും വിധികര്‍ത്താക്കള്‍ സാക്ഷിക്ക് അനുകൂലമയി വിധിയെഴുതിയതോടെ റിയോയില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സ്വന്തമായി.

വെബ്ദുനിയ വായിക്കുക