പ്രീജ ഓട്ടം നിര്‍ത്തുന്നു, ഇനി സ്വസ്ഥം കുടുംബ ജീവിതം
തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (10:06 IST)
ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരി ഒളിമ്പ്യന്‍ പ്രീജാ ശ്രീധരന്‍ അത്‌ലറ്റിക്‌സില്‍നിന്ന് വിരമിക്കാനൊരുങ്ങുന്നു. അടുത്തവര്‍ഷം കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിനുശേഷം കായിക രംഗത്തോട് വിടപറയുമെന്ന് പ്രീജ അറിയിച്ചു. കുടുംബ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് വിരമിക്കാന്‍ തീരുമാനിച്ചതെന്ന് പ്രീജ അറിയിച്ചു.
ഇടുക്കി ജില്ലയിലെ രാജാക്കാടിനടുത്തുള്ള മുല്ലക്കാനത്ത് നടുവിലാത്ത് രമണിയുടെയും ശ്രീധരന്റെയും മകളായി 1982 മാര്‍ച്ച് 13-നാണ് പ്രീജ ജനിച്ചത് പ്രീതിയും പ്രദീപും സഹോദരങ്ങളാണ്. ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചു. പിന്നെ അമ്മ രമണിയും ചേട്ടന്‍ പ്രദീപും കൂടിയാണ് പ്രീജയെ വളര്‍ത്തിയത്. ചേട്ടന്‍ ആശാരിപ്പണിയെടുത്താണ് കുടുംബത്തിന് കഴിയാന്‍ വക കണ്ടെത്തിയിരുന്നത്.
രാജാക്കാട് സ്‌കൂളിലാണ് പ്രീജ പഠിച്ചത്. അവിടുത്തെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ രണേന്ദ്രനാണ് പ്രീജയിലെ ഓട്ടക്കാരിയേ കണ്ടെത്തിയത്. രണേന്ദ്രന് മുട്ടം സ്‌കൂളിലേക്ക് മാറ്റമായപ്പോള്‍ പ്രീജയേയും ഒപ്പം കൊണ്ടുപോയി. പിന്നെ രണേന്ദ്രന്റെ കരിങ്കുന്നത്തെ വീട്ടില്‍ താമസിച്ചാണ് പ്രീജ സ്‌കൂളില്‍ പോയത്. സ്‌കൂള്‍ വിട്ട ശേഷം പാലാ അല്‍ഫോന്‍സ കോളേജിലാണ് പ്രീജ പഠിച്ചത്. കോളേജില്‍ തങ്കച്ചന്‍ മാത്യുവിന്റെ ശിക്ഷണത്തില്‍ പ്രീജ മികച്ച കായികപ്രതിഭയായി വളര്‍ന്നു. ദീര്‍ഘദൂര ഓട്ടക്കാരിയാകുന്നതും അവിടെ വെച്ചാണ്.
31 മിനിറ്റ് 50.47 സെക്കന്‍ഡിലാണ് പ്രീജ ഗ്വാങ്ഷൂ ഏഷ്യന്‍ ഗെയിംസില്‍ 10,000 മീറ്ററില്‍ സ്വര്‍ണം നേടിയത്. തന്റെതന്നെ പേരിലുണ്ടായിരുന്ന 32 മിനിറ്റ് 4.41 സെക്കന്‍ഡിന്റെ ദേശീയ റെക്കോഡ് തിരുത്താനും പ്രീജയ്ക്കായി. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ മത്സരിച്ചിരുന്നെങ്കിലും മെഡല്‍ നേടാനാവാതെ പോയി. 2011 ജൂലായ്യില്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹയായി. ഏഷ്യന്‍ ക്രോസ്‌കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ്, ഇന്റര്‍യൂണിവേഴ്‌സിറ്റി മീറ്റ്, സാഫ്‌ഗെയിംസ് എന്നിവയില്‍ സ്വര്‍ണം ഉള്‍പ്പെടെ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ നിരവധി നേട്ടങ്ങള്‍ പ്രീജ കൈവരിച്ചിട്ടുണ്ട്.
2006-ലെ ദോഹ ഏഷ്യാഡില്‍ അഞ്ചാം സ്ഥാനമായിരുന്നു പ്രീജയ്ക്ക്. 2012-ല്‍ വിവാഹിതയായ പ്രീജയുടെ പങ്കാളി ഡോക്ടര്‍ ദീപക് ആണ്. ഒലവക്കോട് റെയില്‍വേ ഡിവിഷണല്‍ ഓഫീസില്‍ കൊമേഴ്‌സ്യല്‍ ബ്രാഞ്ചില്‍ ഓഫീസ് സൂപ്രണ്ടാണ് പ്രീജയിപ്പോള്‍.