ഇന്ത്യയുടെ ഗുസ്തിതാരം നര്‍സിംഗ് യാദവിന് റിയോ ഒളിംപിക്സില്‍ പങ്കെടുക്കാം. ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ) അച്ചടക്കസമിതിയുടേതാണ് തീരുമാനം. നര്‍സിംഗ് യാദവിന്റെ ഭക്ഷണത്തില്‍ ആരോ മായം കലര്‍ത്തിയിരുന്നതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് അനുകൂലിക്കുന്ന തരത്തിലാണ് നാഡയുടെ വിധി വന്നിരിക്കുന്നത്.
74 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ആണ് നര്‍സിംഗ് യാദവ് രാജ്യത്തെ പ്രതിനിധീകരിക്കുക. മരുന്നടിക്ക് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച എട്ടു മണിക്കൂറോളം നീണ്ട വിചാരണ നടന്നിരുന്നു. തുടര്‍ന്ന് വിവിധ രേഖകള്‍ പരിശോധിച്ചശേഷം തിങ്കളാഴ്ച അന്തിമതീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
ഉത്തേജകമരുന്ന് ശരീരത്തില്‍ ചെന്നത് തന്റെ അറിവോടെയല്ലെന്ന നിലപാടില്‍ നര്‍സിംഗ് യാദവ് ഉറച്ചുനിന്നു. ഈ സാഹചര്യത്തില്‍ നാഡ നര്‍സിംഗിന്റെ നിലപാട് അംഗീകരിക്കുകയും ഒളിംപിക്സിന് അനുമതി നല്കുകയുമായിരുന്നു.