ലോകകപ്പ്​ നേടിയ ഇന്ത്യന്‍ കബഡി ടീമിന് ലഭിച്ചത്​ അവഗണന മാത്രം: അജയ്​ താക്കൂർ

വെള്ളി, 28 ഒക്‌ടോബര്‍ 2016 (09:50 IST)
ലോകകപ്പ് നേടിയ ഇന്ത്യന്‍ കബഡി ടീമിനെ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ അവഗണിച്ചുയെന്ന ആരോപണവുമായി ഫൈനലില്‍ ഇന്ത്യയുടെ ഹീറോയായ അജയ് താക്കൂർ‍. ലോകകപ്പില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ ടീമിനു കഴിഞ്ഞു. അതിന് അര്‍ഹമായ പാരിതോഷികം നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. വളരെ തുച്ഛമായ തുകയാണ് ടീമിന് സമ്മാനമായി നല്‍കിയതെന്നും ഫൈനലില്‍ 14 പോയന്റ്​ നേടി ഇന്ത്യയുടെ വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിച്ച അജയ് താക്കൂർ പറഞ്ഞു.   
 
ലോകത്തിന് മുന്നില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് അഭിമാനമുള്ള കാര്യമാണ്, ഈ ലോകകപ്പ് നേടാന്‍ കഴിയുമെന്ന് തങ്ങള്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ഇത്തരത്തിലുള്ള അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ടീമിന് പത്ത് ലക്ഷം രൂപയാണ് കായിക വകുപ്പില്‍ മൊത്തമായി ലഭിച്ച സമ്മാനത്തുക. ഈ തുക താരങ്ങള്‍ വീതിച്ചെടുത്താല്‍ ഒരാള്‍ക്ക് വളരെ തുച്ഛമായ തുക മാത്രമായിരിക്കും ലഭിക്കുകയെന്നു താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക