ഹോക്കി ലീഗ്: സെമിയില്‍ ഇന്ന് ഇന്ത്യ ബെല്‍ജിയത്തെ നേരിടും

വെള്ളി, 3 ജൂലൈ 2015 (11:53 IST)
ഹോക്കി ലീഗിന്റെ സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് ബെല്‍ജിയത്തെ നേരിടും. ക്വാര്‍ട്ടറില്‍ മലേഷ്യയ്ക്കെതിരെ 3 - 2നായിരുന്നു ഇന്ത്യയുടെ വിജയം. മലയാളിയായ ഗോള്‍ കീപ്പര്‍ ശ്രീജേഷ് മികച്ച പ്രകടനമാണ് മത്സരത്തിലുടനീളം കാഴ്ച വെച്ചത്.
 
കഴിഞ്ഞ രണ്ടു വര്‍ഷമായി മികച്ച ഫോമിലുള്ള മുന്നേറ്റ നിരയുമായാണ് ബെല്‍ജിയം എത്തുന്നത്. അതുകൊണ്ടു തന്നെ സെമിയിലെ വിജയം ഇന്ത്യയ്ക്ക് കടുത്ത പരീക്ഷണം തന്നെയാണ്. ലോക റാങ്കിംഗില്‍ ഇന്ത്യ ഇപ്പോള്‍ ഒമ്പതാം സ്ഥാനത്താണ്. ലോക നാലാം നമ്പര്‍ വരെ ഉയര്‍ന്ന പോരാട്ടവീര്യവുമായാണ് ബെല്‍ജിയം സെമിക്കിറങ്ങുന്നത്.
 
മറ്റൊരു സെമിഫൈനല്‍ പോരാട്ടത്തില്‍ ലോക ചാമ്പ്യന്‍ ആസ്ട്രേലിയ ബ്രിട്ടനെ നേരിടും. വനിത വിഭാഗത്തില്‍ അഞ്ചാം സ്ഥാനത്തിനു വേണ്ടി മത്സരിച്ച ഇന്ത്യ ഷൂട്ടൗട്ടില്‍ 5 - 4 ന് ഇറ്റലിയെ തകര്‍ത്ത് റിയോ ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള സാധ്യത നിലനിര്‍ത്തി. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 ന് സമനിലയിലായിരുന്നു.
 

വെബ്ദുനിയ വായിക്കുക