ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അച്ചനെ പോലെ ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യുവരാജ് സിങ്ങിന്റെ പിതാവായ യോഗ്രാജ് സിങ്ങ്. അര്‍ജുനെ യുവരാജ് സിങ്ങ് പരിശീലിപ്പിച്ചാല്‍ അവന്‍ അടുത്ത ക്രിസ് ഗെയ്ലായി മാറുമെന്നും യോഗ്രാജ് സിങ് പറയുന്നു. മുംബൈ ഇന്ത്യന്‍സ് താരമാണെങ്കിലും 2025 സീസണില്‍ ഒരു മത്സരത്തില്‍ പോലും ആദ്യ ഇലവനില്‍ താരം കളിക്കാനിറങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് യോഗ്രാജ് സിങ്ങിന്റെ പ്രതികരണം.
അര്‍ജുന്‍ ബാറ്റിങ്ങിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. ഒരു മൂന്ന് മാസം യുവരാജിന് കീഴില്‍ പരിശീലിക്കുകയാണെങ്കില്‍ അവന്‍ അടുത്ത ക്രിസ് ഗെയ്ലായി മാറും. പലപ്പോഴും ഒരു ചെറിയ പരിക്ക് പറ്റിയാല്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ശരിയായി പന്തെറിയാനാവില്ല. അര്‍ജുനെ കുറച്ച് കാലം യുവരാജിന് വിട്ടുകൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്. യോഗ്രാജ് സിങ്ങ് ക്രിക് നെക്സ്റ്റിനോട് പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ വിജയ് ഹസാരെ ട്രോഫിയിലാണ് അര്‍ജുന്‍ അവസാനമായി കളിച്ചത്.