‘മെസിയുടെ കടുത്ത ആരാധകനാണ് ഞാന്‍, പക്ഷേ ഇഷ്‌ട ടീം അര്‍ജന്റീനയല്ല’; ഗാംഗുലി പറയുന്നു
റഷ്യന്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഫുട്ബോള്‍ ആരാധകര്‍ ആവേശത്തിലാണ്. ഇഷ്‌ട ടീമിന്റെ കളി കാണാന്‍ കാത്തിരിക്കുകയാണ് എല്ലാവരും. ഈ മനസോടെയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലിയുമുള്ളത്.
ലോകകപ്പ് മത്സരങ്ങളുടെ ത്രില്‍ തന്നെയും പിടികൂടിയെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഉടമയുമായ ഗാംഗുലിയുടെ വാക്കുകള്‍. തന്റെ ഇഷ്‌ട ടീമും കളിക്കാരനും ആരാണെന്ന് വ്യക്തമാക്കുകയും ചെയ്‌തു അദ്ദേഹം.
അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയാണ് തന്റെ ഇഷ്‌ടതാരമെന്നാണ് ദാദ പറഞ്ഞത്. “ഞാന്‍ മെസിയുടെ കടുത്ത ആരാധകനാണ്. ഈ ലോകകപ്പില്‍ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ കളി കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍“ - എന്നും ഗാംഗുലി പറഞ്ഞു.
“ ലോകകപ്പ് ഉയര്‍ത്താന്‍ മെസിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ 2018 ലോകകപ്പ് താരത്തിന് നിര്‍ണായകമായിരിക്കും. മെസിയോട് കടുത്ത ആരാധനയുണ്ടെങ്കിലും തന്റെ ഇഷ്‌ട ടീം ബ്രസീല്‍ ആണ്. ബ്രസീലിന്റെയും അര്‍ജന്റീനയുടേയും ജര്‍മനിയുടേയും കളി കാണാന്‍ റഷ്യയിലേക്ക് പോകും” - എന്നും ദാദ വ്യക്തമാക്കി.