ആശങ്ക തീര്‍ക്കാന്‍ മിശിഹയ്‌ക്കാകുമോ ?; റഷ്യന്‍ മണ്ണില്‍ കണക്കു തീര്‍ക്കാന്‍ അര്‍ജന്റീന
തിങ്കള്‍, 4 ജൂണ്‍ 2018 (18:32 IST)
മരണഗ്രൂപ്പെന്നോ ആത്മഹത്യാ ഗ്രൂപ്പെന്നോ വിളിക്കുന്നതില്‍ തെറ്റുണ്ടാകില്ല, കാരണം ഡി ഗ്രൂപ്പ് അത്രയ്‌ക്കും കടുകട്ടിയാണ്. ശക്തരായ അര്‍ജന്റീനയും ക്രോയേഷ്യയും നേരിടേണ്ടത് അട്ടിമറികളുടെ തമ്പുരാക്കന്മാരായ ഐസ്‌ലന്‍ഡിനെയും നൈജീരിയേയുമാണ്. ഇതിനാല്‍ തന്നെ ആദ്യ കടമ്പ ലയണല്‍ മെസിക്കും കൂട്ടര്‍ക്കും വെല്ലുവിളിയാകും.
കഴിഞ്ഞതവണ കൈവിട്ടു പോയ കിരീടം തിരിച്ചു പിടിക്കണമെങ്കില്‍ അര്‍ജന്റീന നന്നായി വിയര്‍ക്കേണ്ടിവരും. മെസിയാണ് നീലപ്പടയുടെ നട്ടെല്ല് എന്നതില്‍ ആര്‍ക്കും സംശയമില്ല. അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വയിന്‍, ഡൈബലി എന്നിവരുടെ മികവ് ടീമിന് മുതല്‍ കൂട്ടാവുമെങ്കിലും കളി ജയിക്കണമെങ്കില്‍ മെസിയുടെ മാന്ത്രിക സ്‌പര്‍ശം പന്തില്‍ ആവാഹിക്കേണ്ടതുണ്ട്.
മെസിയെ മാത്രം ആശ്രയിച്ചാണ് അര്‍ജന്റീന ഇത്തവണയും ലോകകപ്പില്‍ പന്ത് താട്ടാന്‍ എത്തുന്നത്. മെസി ഫോമിലായില്ലെങ്കില്‍ ടീം പരാജയപ്പെട്ടേക്കാമെന്ന അവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിനു പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും.
അര്‍ജന്റീനയെ ഏറ്റവുമധികം വലയ്‌ക്കുന്നത് മധ്യനിരയിലെയും പ്രതിരോധത്തിലെയും വീഴ്‌ചകളും പോരായ്‌മകളുമാണ്. ഈ കുറവ് പരിഹരിക്കുന്നത് മെസിയുടെ ഫോം മാത്രമാണ്. പോസിറ്റീവായി കളിയെ സമീപിക്കാന്‍ ടീമിന് കഴിയണം. അതിനൊപ്പം ഗോളുകള്‍ കണ്ടെത്താനും പ്രതിരോധ കോട്ട അതിശക്തമാക്കാനും കഴിയണം.
കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയെ വീഴ്‌ത്തിയ ചിലിയുടെ പരിശീലകന്‍ ഹോര്‍ഗെ
സാംപോളിയാണ് ഇത്തവണ നീലപ്പടയെ കളി പഠിപ്പിക്കുന്നത്. എന്നാല്‍, മധ്യനിരയില്‍ ശക്തമായ ഒരു വിജയ ഫോര്‍മുല രൂപപ്പെടുത്താന്‍ അദ്ദേഹത്തിനായിട്ടില്ല. ആരെ എവിടെ കളിപ്പിക്കണമെന്ന ആശങ്കയും
സാംപോളിയിലുണ്ട്.