ഇഞ്ചിയോണില്‍ അപ്രതീക്ഷിത സ്വര്‍ണ്ണക്കൊയ്ത്ത് നടന്നതൊഴിച്ചാല്‍ ഇത്തവണത്തെ ആഷ്യന്‍ ഗയിംസില്‍ ഇന്ത്യന്‍ പ്രകടനം തീര്‍ത്തും നിരാശാജനകമായി. 11 സ്വര്‍ണ്‍നമുളപ്പടെ 57 മെഡലുകളുമായി ഇന്ത്യ എട്ടാം സ്ഥാനത്താണുള്ളത്. ഏഷ്യന്‍ കായിക ശക്തിയായ ചൈനയുടെ കിരീട ധാരണ ചടങ്ങാണ് ഇഞ്ചിയോണില്‍ കണ്ടത്. 150 സ്വര്‍ണ്ണം, 108 വെള്ളി, 83 വെങ്കലം ഉള്‍പ്പടെ 341 മെഡലുകളാണ് മേളയിലെ ചാമ്പ്യന്മാരായ ചൈനയുടെ അക്കൌണ്ടിലുള്ളത്.
രണ്ടാം സ്ഥാനക്കാരായ ദക്ഷിണ കൊറിയ 77സ്വര്‍ണ്ണമാണ് നേടിയത്. മൂന്നാം സ്ഥാനത്തുള്ള ജപ്പാന് 46 സ്വര്‍ണ്ണമാണ് ലഭിച്ചത്. അതേ സമയം ഗ്വാങ്ഷുവില്‍ നിന്ന് നാലു വര്‍ഷത്തിനുശേഷം ഇഞ്ചിയോണില്‍ എത്തിയപ്പോള്‍ ഇന്ത്യയ്ക്ക് കൈമോശം വന്നത് മൂന്ന് സ്വര്‍ണവും എട്ട് വെള്ളിയും. ഗ്വാങ്ഷുവില്‍ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലേ തന്നെ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയിരുന്നത്.
ഗ്വാങ്ഷുവില്‍ 14 സ്വര്‍ണവും 17 വെള്ളിയും 34 വെങ്കലവുമായി മൊത്തം 65 മെഡലാണ്‍ ഇന്ത്യ നേടിയത്. 1982ല്‍ ഡെല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ നേടിയ 13 സ്വര്‍ണമെന്ന റെക്കോഡായിരുന്നു നാല് വര്‍ഷം മുന്‍പ് ഇന്ത്യ മറികടന്നത്. എന്നാല്‍ ഇത്തവണ അതിന്റെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല. 2002ല്‍ ബുസാനിലും 1978ല്‍ ബാങ്കോക്കിലും ഇന്ത്യ ഇതിന് മുന്‍പ് പതിനൊന്ന് സ്വര്‍ണം നേടിയിട്ടുള്ളതാണ്.
അത്‌ലറ്റിക്‌സിലും ടെന്നിസിലുമാണ് ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് പ്രധാനമായും തിരിച്ചടിയേറ്റത്. കഴിഞ്ഞ തവണ ഗ്വാങ്ഷുവില്‍ അത്‌ലറ്റിക്‌സില്‍ നിന്ന് അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയും അഞ്ച് വെങ്കലവും അടക്കം 12 മെഡല്‍ നേടിയ സ്ഥാനത്ത് ഇത്തവണ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും എട്ട് വെങ്കലവുമാണ് ഇന്ത്യയ്ക്ക് നേടാനായത്.
രാജ്യതാത്പര്യത്തേക്കാള്‍ എടിപി റാങ്കിങ്ങിന് മുന്‍തൂക്കം നല്‍കിയ പ്രമുഖ താരങ്ങളുടെ അഭാവമാണ് ടെന്നിസില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. കഴിഞ്ഞ തവണ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയപ്പോള്‍ ഇത്തവണ സാനിയയും സാകേത് സായിയും ചേര്‍ന്ന് മിക്‌സഡ് ഡബിള്‍സില്‍ നേടിയ വിജയം മാത്രമാണ് ഇന്ത്യയ്ക്ക് പ്രധാനമായും ആശ്വസിക്കാനുണ്ടായിരുന്നത്.
വനിതകളുടെ ഡബിള്‍സ് ടീം നേടിയ വെങ്കലം ഒഴിച്ചുനിര്‍ത്തിയാല്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണുണ്ടായത്. സൈന നേവാളിന്റെ പോരാട്ടം ക്വാര്‍ട്ടറിലും പി.വി.സിന്ധു പ്രീക്വാര്‍ട്ടറിലും അവസാനിച്ചു. ജ്വാല ഗുട്ടയുടെ അഭാവം വനിതാ ഡബിള്‍സ് ടീമിന്റെ മുനയൊടിച്ചു.
ഹോക്കിക്കും കബഡിക്കും പുറമെ ഇന്ത്യയ്ക്ക് ആവേശം പകര്‍ന്ന മറ്റൊരു വിജയം സ്‌ക്വാഷിലായിരുന്നു. പുരുഷ ടീം സ്വര്‍ണവും വനിതാ ടീം വെള്ളിയും ദീപിക പള്ളിക്കല്‍ വെങ്കലവും നേടി. പുരുഷ, വനിതാ ട്രിപ്പിള്‍ ജമ്പുകളില്‍ കടുത്ത നിരാശയാണ് ഇന്ത്യയെ വരവേറ്റത്. വനിതാ വിഭാഗത്തില്‍ മലയാളിതാരം മയൂഖ ജോണി ഒന്‍പതാമതായപ്പോള്‍ എഎം പ്രജുഷ ഫൗളായ ഒന്നാം ചാട്ടത്തോടെ തന്നെ മത്സരം അവസാനിപ്പിച്ചു.
പുരുഷവിഭാഗത്തില്‍ മെഡല്‍ പ്രതീക്ഷിച്ചിരുന്ന അര്‍പീന്ദര്‍സിങ് നാലമതായി. മലയാളി താരം രഞ്ജി മഹേശ്വരി ഒന്‍പതാമതും. ഫ്രീസ്‌റ്റൈല്‍ ഗുസ്തിക്കാര്‍ ഇക്കുറി നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ മൂന്ന് വെങ്കലം മാത്രമായിരുന്നു സമ്പാദ്യമെങ്കില്‍ ഇക്കുറി യോഗേശ്വര്‍ ദത്തിലൂടെ ഒരു സ്വര്‍ണവും നാല് വെങ്കലവും ഉള്‍പ്പടെ അഞ്ച് മെഡല്‍ സ്വന്തമാക്കി.
പുരുഷന്മാരുടെ ഡിസ്‌ക്കസ് ത്രോയില്‍ കഴിഞ്ഞ തവണ വെങ്കലം നേടിയ വികാസ് ഗൗഡ ഇക്കുറി വെള്ളി നേടി. തിരിച്ചടികള്‍ക്കിടയിലും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്ന ചില രജതരേഖകളുണ്ട്. 800 മീറ്ററിലെ ടിന്റു ലൂക്കയുടെയും 1500 മീറ്ററിലെ ജെയ്ഷയുടെയും ഡിസ്‌ക്കസ് ത്രോയിലെ സീമ പൂനിയയുടെയും വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ വെള്ളി നേടിയ കുശ്ബീര്‍ കൗറിന്റെയും പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്.