സിന്ധുവിന്റെ അടുത്ത ലക്ഷ്യമറിഞ്ഞാല്‍ കരോലിന് കലിയാകും, ഒപ്പം ഭയവും
ശനി, 27 ഓഗസ്റ്റ് 2016 (13:41 IST)
റിയോ ഒളിമ്പിക്‍സില്‍ ഇന്ത്യക്ക് അഭിമാന വെള്ളി മെഡല്‍ സമ്മാനിച്ച ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ താരം പിവി സിന്ധു അടുത്ത ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞു. മെഡല്‍ തിളക്കത്തിന്റെ ആലസ്യത്തില്‍ നിന്ന് നിന്നുണര്‍ന്ന വനിതാ ബാഡ്മിന്റണ്‍ താരം അടുത്ത് തന്നെ നടക്കുന്ന ലോക സൂപ്പര്‍ സീരീസില്‍ കിരീടം നേടുക എല്ല ലക്ഷ്യം മുന്നില്‍ കണ്ട് പരിശീലനം ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
ലോക സൂപ്പര്‍ സീരീസില്‍ കിരീടം നേടിയാല്‍ വനിതാ ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് ഉയരാമെന്ന ചിന്തയും സിന്ധുവിനുണ്ട്. ഈ നേട്ടം സ്വന്തമാക്കുന്നതിനായി അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും ഇന്ത്യന്‍ താരം പറഞ്ഞു.
പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റുകളില്‍ വിജയം പതിവാക്കിയാല്‍ ഒന്നാം നമ്പര്‍ എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ സാധിക്കും. അതിനുള്ള പരിശ്രമങ്ങളാണ് ഇനി ആരംഭിക്കാന്‍ പോകുന്നത്. ആത്യന്തിക ലക്ഷ്യമെന്നത് തീര്‍ച്ചയായും ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് ഉയരുക എന്നതാണെന്നും സിന്ധു വ്യക്തമാക്കി.
റിയോയില്‍ നിന്ന് തിരച്ചെത്തിയ ശേഷം ആധ്രപ്രദേശ് തെലുങ്കാന സംസ്ഥാനങ്ങളുടെ വന്‍ സ്വീകരണം ഏറ്റ് വാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സിന്ധു തന്റെ ഭാവി ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.
നിലവില്‍ ലോക ബാഡ്‌മിന്റണ്‍ റാങ്കിംഗില്‍ ഒന്നാമത് നില്‍ക്കുന്നത് സ്‌പെയിനിന്റെ കരോലിന മാരിനാണ്. രണ്ടാം സ്ഥാനം ചൈനയുടെ ലീ സ്യുറായിക്കാണ് അതേസമയം, സിന്ധു പത്താം സ്ഥാനത്താണ്. സൈന നെഹ്‌വാള്‍ ഒമ്പതാം സ്ഥാനത്തുമാണ്.