പിള്ളേര് തോറ്റിരിക്കുമ്പോഴല്ല ഇജ്ജാതി വർത്തമാനം, പ്രകാശ് പദുകോണിനെ തള്ളി അഭിനവ് ബിന്ദ്ര

അഭിറാം മനോഹർ

ചൊവ്വ, 6 ഓഗസ്റ്റ് 2024 (15:18 IST)
Abhinav Bindra, Prakash padukone
ഒളിമ്പിക്‌സ് ബാഡ്മിന്റണിലെ ഇന്ത്യന്‍ താരങ്ങളുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെ കളിക്കാരെ കുറ്റപ്പെടുത്തിയ ഇന്ത്യന്‍ ഇതിഹാസ താരം പ്രകാശ് പദുക്കോണിന്റെ നടപടിക്കെതിരെ മുന്‍ ഇന്ത്യന്‍ ഷൂട്ടറും ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവുമായ അഭിനവ് ബിന്ദ്ര. ബാഡ്മിന്റണില്‍ ഇന്ത്യ 3 മെഡലുകള്‍ക്ക് വേണ്ടിയാണ് പോരാടിയതെന്നും ഒരു മെഡലെങ്കിലും ലഭിച്ചിരുന്നെങ്കില്‍ ഇത്ര നിരാശയുണ്ടാകില്ലായിരുന്നുവെന്നും പ്രകാശ് പദുക്കോണ്‍ പറഞ്ഞിരുന്നു.
 
 സ്ഥിരം നാലാം സ്ഥാനക്കാരായി ഇന്ത്യന്‍ സംഘം മാറുന്നതില്‍ ഫെഡറേഷനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും തോല്‍വിയുടെ ഉത്തരവാദിത്വം കളിക്കാര്‍ ഏറ്റെടുക്കണമെന്നും പ്രകാശ് പദുക്കോണ്‍ അഭിപ്രായപ്പെട്ടിരുന്നു. ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ സെമിഫൈനലില്‍ ലക്ഷ്യാ സെന്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രകാശ് പദുക്കോണ്‍ രൂക്ഷമായി പ്രതികരിച്ചത്. ഇപ്പോഴിതാ പ്രകാശ് പദുക്കോണിന്റെ ഈ അഭിപ്രായത്തെ തള്ളിയിരിക്കുകയാണ് ഇന്ത്യന്‍ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് കൂടിയായ അഭിനവ് ബിന്ദ്ര. ഇത്രയും കഠിനമായ ഒളിമ്പിക്‌സില്‍ മത്സരിക്കുക എന്നത് ഏത് അത്‌ലറ്റിനും വലിയ വെല്ലുവിളിയാണ്. അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ പാരീസ് ഒളിമ്പിക്‌സില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. 
 
 ഈ സമയത്ത് കളിക്കാരുടെ കഠിനമായ അധ്വാനത്തെയും ഒപ്പം കോച്ചിംഗ് സ്റ്റാഫിന്റെ ശ്രമങ്ങളെയും നമ്മള്‍ അംഗീകരിക്കുകയാണ് വേണ്ടത്. തോല്‍വി അവര്‍ക്കും ഏറെ പ്രയാസമുണ്ടാക്കുന്നതാണ്. പക്ഷേ ചരിത്രനേട്ടത്തിന് തൊട്ടരികെയാണ് അവര്‍ വീണുപോയത്. ഈ സാഹചര്യത്തില്‍ താരങ്ങള്‍ക്ക് പിന്തുണ നല്‍കി അവര്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്. ഇത് സ്‌പോര്‍ട്‌സാണ് എല്ലാവര്‍ക്കും വിജയിക്കാനാവില്ല. 140 കൊടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന അത്‌ലറ്റുകളെ പിന്തുണയ്ക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. അഭിനവ് ബിന്ദ്ര പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍