കൊമ്പന്മാര്‍ക്ക് വീണ്ടും തിരിച്ചടി; ബ്ലാസ്‌റ്റേഴ്‌സിനെ നടുക്കടലില്‍ നിര്‍ത്തി ഹ്യൂസ് വിമാനം കയറുന്നു
ബുധന്‍, 2 നവംബര്‍ 2016 (17:09 IST)
തോല്‍വികളില്‍ നിന്ന് ജയത്തിലേക്ക് ഗിയര്‍ മാറ്റിയ ആരാധകരുടെ സ്വന്തം കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി പ്രതിരോധ നിരയിലെ ഉരുക്കുകോട്ടയും മാര്‍ക്വീ താരവുമായ ആരോണ്‍ ഹ്യൂസ് നാട്ടിലേക്ക് മടങ്ങുന്നു. സെമിയിലേക്ക് കടക്കാന്‍ നിര്‍ണായക മത്സരങ്ങള്‍ അവശേഷിക്കവെയാണ് ഹ്യൂസ് വിമാനം കയറുന്നത്.
വെള്ളിയാഴ്‌ച ഡല്‍ഹിക്കെതിരെ നടക്കുന്ന മത്സരത്തിന് ശേഷമായിരിക്കും ലോകകപ്പ് യോഗ്യത മത്സരത്തിനുളള വടക്കന്‍ അയര്‍ലന്റ് ടീമില്‍ കളിക്കുന്നതിനായി ഹ്യൂസ് മടങ്ങുക. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടു കളികളില്‍ ഹ്യൂസ് ഉണ്ടാകില്ലെന്ന് വ്യക്തമായി.
19ന് മുംബൈയ്ക്കെതിരെ നടക്കുന്ന മത്സരത്തില്‍ ഹ്യൂസ് കളിക്കുമെങ്കിലും ഇതിനു മുമ്പ് നടക്കുന്ന ഗോവയ്ക്കെതിരെയും ചെന്നൈയ്ക്കെതിരെയുമുളള മത്സരത്തില്‍ ഹ്യൂസ് ഉണ്ടാകില്ല. അതേസമയം, സികെ വിനീതും റിനോ ആന്റോയും കൊമ്പന്മാരുടെ നിരയിലേക്ക് എത്തുന്നത് മഞ്ഞപ്പടയ്‌ക്ക് ആശ്വാസമാകും.
വടക്കന്‍ അയര്‍ലന്‍ഡിനായി 103 തവണ കളത്തിലിറങ്ങിയിട്ടുള്ള ഹ്യൂസ് 46 മത്സരങ്ങളില്‍ ക്യാപ്റ്റനുമായ താരമാണ്. നവംബര്‍ 11ന് അസര്‍ബൈജാനും 16ന് ക്രൊയേഷ്യക്കും എതിരായാണ് വടക്കന്‍ അയര്‍ലന്‍ഡിന്റെ അടുത്ത രണ്ട് ലോകകപ്പ് യോഗ്യത മത്സരങ്ങള്‍.