ഹിഡിംഗിന് ദ്രോഗ്ബെയുടെ ക്ഷണം

Webdunia
തിങ്കള്‍, 15 ഫെബ്രുവരി 2010 (16:02 IST)
PRO
സ്ഥാനമൊഴിഞ്ഞ റഷ്യന്‍ പരിശീലകന്‍ ഗുസ് ഹിഡിംഗിന് ഐവറികോസ്റ്റ് പരിശീലകനാവാന്‍ ദിദിയര്‍ ദ്രോഗ്ബെയുടെ ക്ഷണം. റഷ്യന്‍ ഫുട്ബോള്‍ അസോസിയേഷനുമായുള്ള കരാര്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹിഡിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ലോകകപ്പിനുള്ള ഐവറികോസ്റ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ ദ്രോഗ്ബെ ഹിഡിംഗിനെ ക്ഷണിച്ചത്.

നൈജീരിയയും, വടക്കന്‍ കൊറിയയും നേരത്തെ ഹിഡിംഗിനെ സമീപിച്ചിരുന്നു. ഹൃസ്വകാലത്തേക്ക് ചെല്‍‌സിയുടെ പരിശീലകനായിട്ടുള്ള ഹിഡിംഗിന് ദ്രോഗ്ബെയുമായി നല്ല ബന്ധമാണുളളത്. ഇതാണ് ഐവറികോസ്റ്റ് ഫുട്ബോള്‍ അസോസിയേഷന്‍ ദ്രോഗ്ബെയെ ദൂതനാക്കി അയച്ചതിന് പിന്നില്‍.

തുടര്‍പരാജയത്തിന്‍റെ പേരില്‍ ഫെലിപ്പെ സ്കൊളാരിയെ പരിശീലകസ്ഥാനത്തുനിന്നും പുറത്താക്കിയപ്പോഴാണ് ചെല്‍‌സി ഹിഡിംഗിന്‍റെ സേവനം തേടിയത്. പ്രതീക്ഷകള്‍ തെറ്റിക്കാതെ പരാജയത്തില്‍ നിന്നും ചെല്‍‌സിയെ ഹിംഡിംഗ് വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്തിരുന്നു. റഷ്യയ്ക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും പരിശീലകനെന്ന നിലയില്‍ അത്ഭുതങ്ങള്‍ കാണിച്ചിട്ടുളള ഹിഡിംഗ് ഫുട്ബോള്‍ വിപണിയില്‍ ഇപ്പോഴും ചൂടപ്പമാണ്.