സ്‌കൂള്‍ കായികമേള: ചിത്രയ്ക്ക് മീറ്റ് റെക്കോര്‍ഡ്, പാലക്കാടിന് നാല് സ്വര്‍ണം

ശനി, 23 നവം‌ബര്‍ 2013 (16:34 IST)
PRO
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ തുടക്കമായപ്പോള്‍ ആദ്യ ദിനം മൂന്ന് ദേശീയ റെക്കോഡ്. രാവിലെ ഏഴു മണിയോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്.

ആദ്യ ദിനം 18 ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ 30 പോയന്‍റുമായി പാലക്കാട് ജില്ല ഒന്നാം സ്ഥാനത്ത്. എറണാകുളം (22), ഇടുക്കി (9) ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനത്ത്.. ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മുണ്ടൂര്‍ സ്കൂളിലെ പി ആര്‍ രാഹുല്‍ മേളയിലെ ആദ്യ സ്വര്‍ണം നേടി.

തുടര്‍ച്ചയായ ആറാം തവണയാണ് പാലക്കാട് മേളയിലെ ആദ്യ സ്വര്‍ണം നേടുന്നത്. പറളി സ്കൂളിലെ ജെ.സതീഷ് വെള്ളിയും തിരുവനന്തപുരം സായ് സ്കൂളിലെ ഷാജോ രാജന്‍ വെങ്കലവും നേടി.

സീനിയര്‍ പെണ്‍കുട്ടിയുടെ 3000 മീറ്ററില്‍ പാലക്കാടിന്‍്റെ താരം പി യു ചിത്ര സംസ്ഥാന റെക്കോഡോടെ സ്വര്‍ണം നേടി. 9.54.9 സെക്കന്‍ഡില്‍ ഓടിയത്തെിയാണ് ചിത്ര തന്‍്റെ ആദ്യ സ്വര്‍ണം നേടിയത്.

ഇടുക്കി ഇരട്ടയാര്‍ സ്കൂളിലെ ഗീതു മോഹനാണ് വെള്ളി. പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ കെകെ.വിദ്യ വെങ്കലവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ പാലക്കാടിന്‍്റെ നിഖില്‍ നിതിന്‍ സ്വര്‍ണം നേടി.

ആതിഥേയരായ എറണാകുളവും ട്രിപ്പിള്‍ സ്വര്‍ണം നേടി കിരീടത്തിനായി കുതിപ്പ് തുടങ്ങി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ ലിപിന്‍ ജോര്‍ജ് ആദ്യ സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ എറണാകുളത്തിന്‍്റെ ജിന്‍സി ബെന്നി സ്വര്‍ണം നേടി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോട് നെല്ലിപ്പൊയില്‍ സെന്‍്റ് ജോണ്‍സ് സ്കൂളിലെ കെ ആര്‍ ആതിര ദേശീയ റെക്കോഡോടെ സ്വര്‍ണം നേടി. തന്‍്റെ ആദ്യ സംസ്ഥാന മീറ്റിന് ഇറങ്ങിയ കെ.ആര്‍. ആതിര 9:54.10 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ദേശീയ റെക്കോഡ് തിരുത്തിയത്.

സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈങ്ജംപില്‍ കെ എസ് അനന്തുവിന് മീറ്റ് റെക്കോഡ്. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂള്‍ വിദ്യാര്‍ഥിയാണ് അനന്തു. ദേശീയ റെക്കോഡ് മറികടന്ന പ്രകടനമാണ് അനന്തു കാഴ്ചവെച്ചത്.

സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ തലശേരി സായിയുടെ ആതിര സുരേന്ദ്രന് സ്വര്‍ണം. 5.65 മീറ്റര്‍ ഉയരമാണ് ആതിര മറികടന്നത്. തിരുവനന്തപുരം സായിയുടെ ജെനിമോള്‍ ജോയിക്ക് വെള്ളി.

വെബ്ദുനിയ വായിക്കുക