സ്പോര്‍ട്ടിംഗിനെ തളയ്ക്കാന്‍ ചര്‍ച്ചില്‍

ശനി, 14 ഫെബ്രുവരി 2009 (17:58 IST)
ഒഎന്‍‌ജിസി ഐ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഞായറാഴ്ച സ്പോര്‍ട്ടിംഗ് ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സിനെ നേരിടും. 28 പോയിന്‍റുമായി ടൂര്‍ണ്ണമെന്‍റിലെ രണ്ടാം സ്ഥാനക്കാരാണ് ചര്‍ച്ചില്‍. 27 പോ‍യിന്‍റുമായി തൊട്ടുപിന്നിലാണ് സ്പോര്‍ട്ടിംഗിന്‍റെ സ്ഥാനം.

കൂട്ടിക്കിഴിക്കലുകളില്‍ സ്പോര്‍ട്ടിംഗിന് തന്നെയാണ് മുന്‍‌തൂക്കം. 14 കളികളില്‍ 9 എണ്ണത്തിലും വിജയിച്ച അത്മവിശ്വാസവുമായിട്ടാണ് അവര്‍ ചര്‍ച്ചിലിനെതിരെ പടയൊരുക്കം നടത്തുന്നത്. ഏഴ് വിജയങ്ങളെ ഉള്ളുവെങ്കിലും ആറ് കളികളില്‍ എതിരാളികളെ സമനിലയില്‍ തളച്ച വീറോടെയാണ് ചര്‍ച്ചില്‍ കളത്തിലിറങ്ങുന്നത്. നാലെണ്ണത്തില്‍ സ്പോര്‍ട്ടിംഗ് തോല്‍‌വി വഴങ്ങിയപ്പോള്‍ ചര്‍ച്ചിലാകട്ടെ ഒരെണ്ണത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. പ്രഥമ പാദത്തില്‍ ഒന്നാം സ്ഥാനക്കാരായ മോഹന്‍ബഗാനോടായിരുന്നു ചര്‍ച്ചില്‍ തോല്‍‌വിയറിഞ്ഞത്.

ടൂര്‍ണമെന്‍റിലെ ടോപ് സ്കോററായ ഒഡാഫെ ഒക്കോളിയിലാണ് ചര്‍ച്ചിലിന്‍റെ പ്രതീക്ഷ. വിജയം നേടി പോയിന്‍റ് നില ഉയര്‍ത്താനാകും ഇരുടീമുകളും ശ്രമിക്കുക. കഴിഞ്ഞ കളികളില്‍ രണ്ടു മഞ്ഞ കാര്‍ഡുകള്‍ കണ്ട ക്യാപ്റ്റന്‍ വില്‍ടണ്‍ ഗോമസും പരിക്കിന്‍റെ പിടിയിലമര്‍ന്ന ഡിഫന്‍ഡര്‍ ലൂസിയാനോ സോബ്രോസയും, ഹര്‍മഞ്ചോദ് ഖാബ്രയും സ്പോര്‍ട്ടിംഗിനു വേണ്ടി കളത്തില്‍ ഇറങ്ങില്ല.

വെബ്ദുനിയ വായിക്കുക