KL Rahul: കൃത്യമായ ഒരു ബാറ്റിങ് പൊസിഷനു രാഹുലിനു അര്‍ഹതയില്ലേ? കലിപ്പില്‍ ആരാധകര്‍

രേണുക വേണു

തിങ്കള്‍, 10 ഫെബ്രുവരി 2025 (10:27 IST)
KL Rahul: ഏകദിന ഫോര്‍മാറ്റില്‍ കെ.എല്‍.രാഹുലിനു കൃത്യമായ ബാറ്റിങ് പൊസിഷന്‍ നല്‍കാത്തതില്‍ ആരാധകര്‍ക്കു അതൃപ്തി. മധ്യനിരയില്‍ മികച്ച ഇംപാക്ട് ഉണ്ടാക്കാന്‍ കഴിവുള്ള രാഹുലിനെ പലപ്പോഴും പരീക്ഷണാടിസ്ഥാനത്തിലാണ് ബാറ്റിങ് പൊസിഷന്‍ മാറ്റിയിറക്കുന്നതെന്നും ഇത് രാഹുലിനോടു ചെയ്യുന്ന അനീതിയാണെന്നും ആരാധകര്‍ വിമര്‍ശിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ട് ഏകദിനങ്ങളിലും അക്‌സര്‍ പട്ടേലിനു ശേഷം ആറാമനായാണ് രാഹുല്‍ ക്രീസിലെത്തിയത്. 
 
ഏകദിന ലോകകപ്പില്‍ അഞ്ചാം നമ്പറില്‍ ഇന്ത്യക്കായി ഏറ്റവും വിശ്വസ്തതയോടെ ബാറ്റ് ചെയ്ത താരമാണ് രാഹുല്‍. അഞ്ചാം നമ്പറില്‍ മികച്ച പ്രകടനമാണ് താരം ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്. എന്നിട്ടും അഞ്ചാം നമ്പറില്‍ രാഹുലിനെ സ്ഥിരമാക്കാത്തത് നീതികേടാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. 
 
30 ഇന്നിങ്‌സുകളിലാണ് രാഹുല്‍ ഇന്ത്യക്കായി അഞ്ചാമനായി ബാറ്റ് ചെയ്തിരിക്കുന്നത്. 57 ശരാശരിയില്‍ 1259 റണ്‍സ് താരത്തിന്റെ പേരിലുണ്ട്. 95 സ്‌ട്രൈക് റേറ്റില്‍ രണ്ട് സെഞ്ചുറികളും ഒന്‍പത് അര്‍ധ സെഞ്ചുറികളും രാഹുല്‍ നേടിയിരിക്കുന്നു. കണക്കുകള്‍ പരിശോധിച്ചാല്‍ നിലവില്‍ ഇന്ത്യക്കായി കളിക്കുന്ന ആരേക്കാളും നമ്പര്‍ 5 പൊസിഷനു യോഗ്യന്‍ രാഹുല്‍ തന്നെ. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സരങ്ങളിലും രാഹുല്‍ ഇറങ്ങിയത് ആറാമനായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍