സാനിയ രണ്ടാം റൌണ്ടില്‍

ബുധന്‍, 11 ഫെബ്രുവരി 2009 (10:17 IST)
PTI
സാനിയ മിര്‍സ പട്ടായ ഓപ്പണ്‍ ടെന്നീസിന്‍റെ രണ്ടാം റൌണ്ടില്‍ കടന്നു. ഇന്നലെ നടന്ന മല്‍‌സരത്തില്‍ തായ്‌ലന്‍ഡിന്‍റെ നിച ലെര്‍ട്പിറ്റക്സിനെയാണ് സാനിയ പരാജയപ്പെടുത്തിയത്.

ലോക റാങ്കിംഗില്‍ 945മത് സ്ഥാനത്തുള്ള നിചയെ ഏറെ വിയര്‍പ്പൊഴുക്കിയാണ് 7-6, 7-5 എന്ന സ്കോറിന് സാനിയ തോല്‍‌പിച്ചത്. മല്‍‌സരം കടുപ്പമേറിയതായിരുന്നെന്ന് സാനിയ പറഞ്ഞു. “945മത് റാങ്കുകാരിയെപ്പോലെയല്ല നിച കളിച്ചത്. ആദ്യ അമ്പത് റാങ്കിനുള്ളിലുള്ളവരുമായുള്ള മല്‍‌സരമായാണ് എനിക്ക് അനുഭവപ്പെട്ടത്” - മല്‍‌സരശേഷം സാനിയ പറഞ്ഞു.

മറ്റൊരു മല്‍‌സരങ്ങളില്‍ ഡെന്‍‌മാര്‍ക്കിന്‍റെ കരോളിന്‍ വോസ്നിയാക്കി തായ്‌വാന്‍റെ ചാന്‍ യുങ്-ജാനെ പരാജയപ്പെടുത്തി. സ്കോര്‍: 6-3, 6-0. ഉക്രെയിന്‍റെ യൂലിയ ബെയ്ജെല്‍‌സിമര്‍ റഷ്യയുടെ അനസ്താഷ്യ റോദിയൊനോവയെ 6-2, 6-2 എന്ന സ്കോറിനും പോര്‍ച്ചുഗലിന്‍റെ ന്യൂസ സില്‍‌വ ഓസ്ട്രേലിയയുടെ ജെസീക്ക മോറിനെ 6-2, 6-1 എന്ന സ്കോറിനും പരാജയപ്പെടുത്തി.

ഓസ്ട്രിയയുടെ താമിറ പാസെക്കിനെ കസാക്കിസ്ഥാന്‍റെ യാരൊസ്ലാവ ഷെഡോവ 6-3, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ കസാക്കിസ്ഥാന്‍റെ സെസില്‍ കരാറ്റന്‍ഷെവയെ ക്രൊയേഷ്യയുടെ ഇവാന ലിസ്ജാക് 6-2, 4-6, 6-3 എന്ന സ്കോറിന് അടിയറവ് പറയിപ്പിച്ചു.

വെബ്ദുനിയ വായിക്കുക