പെന്‍ പൈലറ്റ് ടെന്നീസില്‍ ഇന്ത്യന്‍ താരങ്ങളായ സാനിയാ മിര്‍സയും മഹേഷ് ഭൂപതിയും മികച്ച ഫോം കാണിക്കുകയാണ്. ഡബിള്‍സ് വിഭാഗം മത്സരത്തില്‍ രണ്ടു പേരുടേയും ടീമുകള്‍ ഫൈനലില്‍ കടന്നു. സാനിയ ഇറ്റാലിയന്‍ താരം സാന്തങ്കെലോയോടൊപ്പമുള്ള ടീമാണ് ഫൈനലില്‍ എത്തിയതെങ്കില്‍ ഭൂപതി സെര്‍ബിയന്‍ താരം സിമോണ്‍ ജിക്കിനൊപ്പമാണ് കലാശക്കളിക്ക് എത്തുന്നത്.
7-5, 7-6 നായിരുന്നു ഭൂപതി സിമോണ്‍ജിക്ക് സഖ്യം ഫൈനലില്‍ കടന്നത്.സെമിയില്‍ യുഎസ് - ഓസ്‌ട്രേലിയന്‍ സഖ്യമായ എറിക്ക് ബ്യൂട്ടോറാക്ക് ആഷ്‌ലി ഫിഷര്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. ഇന്തോ-സെര്‍ബിയന്‍ സഖ്യം പോളിഷ് സഖ്യമായ മരിയൂസ് ഫിസ്റ്റെന്‍ ബെര്‍ഗ് മാഴ്‌സിന്‍ മറ്റോവ്‌സ്ക്കി സഖ്യത്തെ ഇനി നേരിടും.
നാലാം സീഡായ മരിയൂസ് ഫിസ്റ്റെന്‍ ബെര്‍ഗ് മാഴ്‌സിന്‍ മറ്റോവ്‌സ്ക്കി സഖ്യം ഓസ്‌ട്രേലിയയുടെ ജോര്‍ദ്ദാന്‍ കെല്‍ ബ്രിട്ടന്‍റെ ജാമി മുറേ സഖ്യത്തെ 6-2, 6-3 നു പരാജയപ്പെടുത്തിയാണ് ഫൈനലില്‍ എത്തിയത്. സാനിയാ-സാന്തെങ്കലോ സഖ്യം 2-6, 6-3, 10-5 എന്ന സ്‌കോറിനു സെമിയില്‍ ചെക്ക്-ഓസ്ട്രേലിയന്‍ സഖ്യമായ ക്വേതാ പാസ്ക്കേ- റെന്നി സ്റ്റബ്‌സ് സഖ്യത്തെ പരാജയപ്പെടുത്തി.
ഫൈനലില്‍ സാനിയാ-സാന്തലെങ്കോ സിംബാബ്‌വേയുടെ കാരാ ബ്ലാക്ക്- അമേരിക്കയുടെ ലിസല്‍ ഹ്യൂബര്‍ സഖ്യത്തെ നേരിടും. ബ്ലാക്ക്-ഹ്യൂബര്‍ സഖ്യം ചെക്ക്- യു എസ് എ സഖ്യമായ ഇവേട്റ്റ ബെനെസോവ-ബെതെനി മാട്ടെക്ക് സഖ്യത്തെ 4-6, 6-0, 10- 5 എന്ന സ്‌കോറിനായിരുന്നു വീഴ്ത്തിയത്.