സന്തോഷ് ട്രോഫി: പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി കേരളം
തിങ്കള്‍, 26 ജൂലൈ 2010 (09:09 IST)
നിരവധി തവണ സന്തോഷ് ട്രോഫി കിരീടം നേടിയിട്ടുള്ള കേരളത്തിന് ഇന്ന് ജയിച്ചാല്‍ പ്രീ ക്വാര്‍ട്ടറിലെത്താം. തോല്‍ക്കുകയോ സമനിലയിലാകുകയോ ചെയ്താല്‍ നാട്ടിലേക്ക് മടങ്ങാം. സാള്‍ട്ട്‌ലേക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ക്ലസ്റ്റര്‍ ഏഴില്‍ ശക്തരായ അസമാണ് കേരളത്തിന്റെ എതിരാളികള്‍. കേരളം ജയം മാത്രം ലക്‍ഷ്യമിട്ട് ഇറങ്ങുമ്പോള്‍ അസമിന് സമനില ലഭിച്ചാല്‍ പ്രീ ക്വാര്‍ട്ടറിലെത്താം.
അസമിനും കേരളത്തിനും രണ്ട് ജയം വീതമുണ്ടെങ്കിലും ഗോള്‍ശരാശരിയില്‍ അസമാണ് മുന്നിട്ടു നില്‍ക്കുന്നത്‍. ഗോള്‍ ശരാശരിയില്‍ അസമാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ട് കളിയില്‍ നിന്ന് അസം 17 ഗോള്‍ നേടിയപ്പോള്‍ കേരളം 13 ഗോള്‍ മാത്രമാണ് അടിച്ചത്.
കേരളം ഉത്തരഖണ്ഡിനെ 3-1നും ഹിമാചല്‍പ്രദേശിനെ 10 ഗോളിനുമാണ് തോല്‍പിച്ചത്. എന്നാല്‍, അസം പത്ത് ഗോളുകള്‍ക്ക് ഹിമാചലിനെയും ഏഴു ഗോളിന് ഉത്തരഖണ്ഡിനെയും തോല്‍പ്പിച്ചു ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നേടി. ക്ലസ്റ്ററില്‍ നിന്ന് ഒരു ടീം മാത്രമേ പ്രീ ക്വാര്‍ട്ടറിലെത്തൂ. അസം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് നടത്തിയത്. അതേസമയം, കേരളം ആദ്യ മത്സരത്തില്‍ പിന്നോട്ടു പോയെങ്കിലും രണ്ടാം മത്സരത്തില്‍ തിരിച്ചുവരവ് നടത്തി.
കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ ഡല്‍ഹിയും ചത്തീസ്ഗഡും ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ സ്ഥാനമുറപ്പിച്ചു. ഡല്‍ഹി മധ്യപ്രദേശിനെ 3-1നും ചത്തീസ്ഗഡ് ഹരിയാനയെ 5-1നുമാണ് കീഴടക്കിയത്.