സച്ചിന്‍ നാല്‍പ്പതുകാരന്‍ പയ്യന്‍

ചൊവ്വ, 23 ഏപ്രില്‍ 2013 (16:54 IST)
PTI
മഹാവികൃതിയും വഴക്കാളിയുമായ കൊച്ചുസച്ചിനെ അതില്‍ നിന്ന് ശ്രദ്ധമാറ്റാനാണ് സഹോദരന്‍ ക്രിക്കറ്റിന്‍റെ ലോകത്തിലേക്ക് നയിച്ചത്. വഴിതെറ്റിയെത്തിയ സച്ചിന്‍ പിന്നെ ക്രിക്കറ്റിന്‍റെ ദൈവമായി. ഇന്ന് ലോക ക്രിക്കറ്റിന്‍റെ അംബാസഡറായി ഏവരും കാണുന്നത് സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ എന്ന ആ അഞ്ചടി അഞ്ചിഞ്ചുകാരനെയാണ്.

ബുധനാഴ്ച സച്ചിന് 40 വയസ് തികയുന്നു. പക്ഷേ ഇന്നും ക്രിക്കറ്റ് ഒഴിഞ്ഞുപോകാത്ത യുവത്വം. ഒരു പതിനേഴുകാരന്‍റെ ചടുലതയോടെ സച്ചിന്‍ ക്രീസില്‍ തന്‍റെ നൃത്തം തുടരുകയാണ്.

ക്രിക്കറ്റിന് ഒരു മതമുണ്ടെങ്കില്‍ അത് സച്ചിനാണ്. ക്രീസില്‍ അദ്ദേഹം മിന്നുന്ന ഷോട്ടുകള്‍ പായിക്കുമ്പോള്‍ ‘സച്ചിന്‍’ എന്ന വികാരം ഇന്ത്യ മുഴുവന്‍ ആളിപ്പടരുന്നു. സ്വന്തം മകന് സച്ചിന്‍ എന്ന് പേരിട്ടവര്‍ എത്രയെത്ര. സച്ചിന്‍ എന്ന ക്രിക്കറ്റ് ദൈവം പായിക്കുന്ന ഫോറുകളും സിക്സറുകളും പോലെ തന്നെ അദ്ദേഹത്തോടുള്ള സ്നേഹവും രാജ്യാതിര്‍ത്തി കടന്ന് പടരുകയായിരുന്നു.

ലോകമെമ്പാടും സച്ചിന് ആരാധകരെ സൃഷ്ടിക്കാനായി. കളിക്കളത്തിലും പുറത്തും പെരുമാറ്റത്തില്‍ പുലര്‍ത്തിയ മാന്യത അദ്ദേഹത്തെ സ്വീകാര്യനാക്കി. റെക്കോര്‍ഡുകളുടെ തോഴനായ സച്ചിനെ തേടി ഒരു ക്രിക്കറ്റര്‍ക്ക് ലഭിക്കാവുന്ന എല്ലാ പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്.

ഈയിടെ സച്ചിന്‍ നേരിട്ട ഫോം ഇല്ലായ്മ മുതിര്‍ന്ന ക്രിക്കറ്റര്‍മാരുടെയും ആരാധകരുടെയും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സച്ചിന്‍ ടെന്റുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ തന്നെ നടക്കുന്നു. എന്നാല്‍ ഇത്തരം അഭിപ്രായങ്ങള്‍ തന്നെ ബാധിക്കില്ലെന്നാണ് സച്ചിന്‍ വ്യക്തമാക്കിയത്.

വിരമിക്കുന്നതിനെക്കുറിച്ച് പറയുന്നവരോട് ഒരു ഉത്തരമേ ഉള്ളൂ,​ ഞാന്‍ എന്റെ ജോലി നിര്‍വഹിക്കുന്നു,​ വിമര്‍ശിക്കുന്നവര്‍ അവരവരുടെ ജോലിയും ചെയ്യുക. എന്റെ വിരമിക്കലിനെക്കുറിച്ച് പല കോണുകളില്‍ നിന്നും വിവിധ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. 2005ലും സമാനമായ സഹചര്യം ഉണ്ടായതായി ഓര്‍ക്കുന്നു. എല്ലാം പെരുപ്പിച്ച് കാട്ടുന്നത് മാധ്യമങ്ങളാണ് - സച്ചിന്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക