ഷറപ്പോവ പ്രണയക്കുരുക്കില്‍

വെള്ളി, 13 ഫെബ്രുവരി 2009 (14:12 IST)
PTI
ടെന്നീസ് കോര്‍ട്ടിലെ റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവ പ്രണയക്കുരുക്കിലെന്ന് റിപ്പോര്‍ട്ട്. മരിയയുടെ പിതാവ് തന്നെയാണ് പരാതിയുന്നയിച്ചിരിക്കുന്നത്. അടുത്തിടെ ഷറപ്പോവയ്ക്ക് ടെന്നീസിനെക്കാള്‍ പ്രണയം ബോയ്ഫ്രണ്ടിനോടാണെന്നാണ് പിതാവ് യൂരിയുടെ പരിഭവം.

റഷ്യയുടെ മറ്റൊരു ടെന്നീസ് താരം അന ചെക് വെറ്റാഡ്സെയുടെ അച്ഛനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റഷ്യന്‍ ദിനപ്പത്രമായ ദ ഡെയ്‌ലി എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഷാമല്‍ ചെക് വെറ്റാഡ്സെ ഇക്കാര്യം തുറന്നടിച്ചത്.

ഷരപ്പോവയുടെ പിതാവ് ഏതാനും ദിവസം മുന്‍പ് തന്നെ വിളിച്ചറിയിച്ചതാണ് ഇക്കാര്യമെന്നും മരിയയുടെ പോക്കില്‍ അദ്ദേഹം അസ്വസ്ഥനാണെന്നും ഷാമല്‍ വ്യക്തമാക്കി. മരിയയുടെ അച്ഛന് അവളില്‍ ഉണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടിരിക്കുകയാണ്. സദാ സമയവും കാമുകനെക്കുറിച്ചു മാത്രമാണ് മരിയയുടെ ചിന്ത ഷാമല്‍ പറഞ്ഞു.

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ മരിയയുടെ ഇപ്പോഴത്തെ സ്ഥാനം പതിനേഴാണ്. കഴിഞ്ഞ കൊല്ലം തോളിലെ പരിക്ക് മൂലം ഒട്ടേറെ ടൂര്‍ണ്ണമെന്‍റുകളില്‍ നിന്ന് ഷറപ്പോവ പിന്‍‌മാറിയിരുന്നു. പരിക്കും മോശം ഫോമും കരിയറിനു വെല്ലുവിളി ഉയര്‍ത്തുന്നതിനിടെയാണ് പുതിയ ഭീഷണിയാ‍യി -പ്രണയം ഷറപ്പോവയുടെ തലയ്ക്കു പിടിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക