റിബറി ചെല്‍‌സിയിലേക്ക്

Webdunia
ചൊവ്വ, 12 ജനുവരി 2010 (15:42 IST)
PRO
ഫ്രഞ്ച് മിഡ്‌ഫീല്‍ഡര്‍ ഫ്രാങ്ക് റിബറി ചെല്‍‌സിയിലേക്ക് ചുവടു വെയ്ക്കുന്നതായി സൂചന. റിബറിക്കായി റയല്‍ മാഡ്രിഡും വല മുറുക്കിയിട്ടുണ്ടെങ്കിലും ബയേണ്‍ മ്യൂണിക്ക് താരത്തിന്‍റെ ആദ്യ പരിഗണന നീലപ്പടയോടാണെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഈ മാസമവസാനം റിബറി തീരുമാനമെടുക്കും. 45 മില്യണ്‍ പൌണ്ടാണ് റിബറിക്കായി ചെല്‍‌സി മുടക്കാന്‍ തയ്യാറായിരിക്കുന്നത്.

‘വീണ്ടും പഴയപേരുകള്‍ തന്നെയാണ് എനിക്ക് മുന്നിലുള്ളത്. ചെല്‍‌സിയും റയലും വലിയ ക്ലബ്ബുകളാണ്. എവിടേയ്ക്ക് പോകണമെന്ന കാര്യം സോപ്പ് ഓപ്പറ പോലെ അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ എനിക്കാവില്ല. ഇക്കാര്യത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് ഞാന്‍ ബയേണിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കുറഞ്ഞ പക്ഷം ലോകകപ്പിനു മുന്‍ന്‍പെങ്കിലും ഇക്കാര്യത്തിലുള്ള അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നാണ് എന്‍റെ പക്ഷം’-റിബറി വ്യക്തമാക്കി.

ചെല്‍‌സി പരിശീലകന്‍ കാര്‍ലോസ് അന്‍സലോട്ടി റിബറിയുടെ വലിയൊരു ആരാധകനാണ്. വമ്പന്‍ താരങ്ങളെക്കൊണ്ട് നിറഞ്ഞ റയലിനേക്കാള്‍ റിബറിക്കും പ്രിയം ചെല്‍‌സിയോടാണെന്നാണ് സൂചന. കഴിഞ്ഞ സീ‍സണില്‍ തന്നെ റിബറിയ്ക്കായി റയല്‍ വലമുറുക്കിയിരുന്നെങ്കിലും അദ്ദേഹത്തെ വിട്ടുകൊടുക്കില്ലെന്ന് ബയേണ്‍ അറിയിച്ചതോടെ റയല്‍ പിന്‍‌മാറുകയായിരുന്നു.