മയക്കുമരുന്ന് ഇടപാട്: ബോക്‌സിംഗ് താരം രാംസിംഗിനെ പൊലീസില്‍നിന്ന് പുറത്താക്കി

വെള്ളി, 29 മാര്‍ച്ച് 2013 (17:00 IST)
PRO
PRO
മയക്കുമരുന്ന് ഇടപാടില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ബോക്‌സിംഗ് താരം രാംസിംഗിനെ പഞ്ചാബ് പോലീസില്‍നിന്ന് പുറത്താക്കി. പഞ്ചാബ് പോലീസില്‍ ഹെഡ്‌കോണ്‍സ്റ്റബിളായിരു ന്നു ഇയാള്‍. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ബോക്‌സിംഗ് താരം സരബ്ജിത്ത് സിംഗിനെയും സര്‍വീസില്‍ നിന്ന് പുറത്താക്കി. ഇയാള്‍ സബ് ഇന്‍സ്പക്ടറായിരുന്നു.

130 കോടി രൂപയുടെ ഹെറോയിന്‍ കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കനേഡിയന്‍ എന്‍ആര്‍ഐ അനൂപ്‌ സിംഗ് കാലോണ്‍ രാംസിംഗിനെയും ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവ് വിജേന്ദറിനെയും അറിയാമെന്ന് പോലീസിനോട് പറഞ്ഞതോടെയാണ് പോലീസ് അന്വേഷണമാരംഭിച്ചത്. 26 കിലോ ഹെറോയിന്‍ പോലീസ് പിടികൂടിയിരുന്നു. ഇതില്‍ 16 കിലോ ഇയാളുടെ ഫ്ലാറ്റില്‍നിന്നു ബാക്കി മറ്റൊരു കാറില്‍ നിന്നുമാണ് കണ്ടെടുത്തത്. മുമ്പ് ഷോട്ട് താരമായിരുന്നു കാലോണ്‍.

ബോക്‌സിങ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിട്ടുള്ള രാംസിംഗ് വിജേന്ദറിന്റെ പരിശീലന പങ്കാളിയാണ്. ചോദ്യംചെയ്യലില്‍ താനും വിജേന്ദറും ഏതാനും തവണ കാലോണില്‍നിന്നും 'മരുന്നു' വാങ്ങിയതായും പരീക്ഷിച്ചുനോക്കിയതായും രാംസിങ് സമ്മതിച്ചിരുന്നു.

ചണ്ഡീഗഢിനടുത്ത സിറാക്പുരില്‍ കാലോണ്‍ താമസിക്കുന്ന ഫ്ലാറ്റ് പരിസരത്തുനിന്ന് വിജേന്ദറിന്റെ ഫോര്‍ഡ് എന്‍ഡീവര്‍ എസ് യു വി വാഹനം റെയ്ഡിനിടെ പോലീസ് പിടികൂടിയിരുന്നു. താനില്ലാത്ത സമയത്ത് സുഹൃത്തായ രാംസിംഗ് വാഹനവുമായി പോയെന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ വിജേന്ദര്‍ പറഞ്ഞത്. വിജേന്ദറിന്റെ ഭാര്യ അര്‍ച്ചനയുടെ പേരിലുള്ളതാണ് കാര്‍.

വെബ്ദുനിയ വായിക്കുക