ബാഴ്സ... ബാഴ്സ മാത്രം...

ചൊവ്വ, 21 മെയ് 2013 (11:20 IST)
PRO
PRO
സ്പാനിഷ് ലീഗില്‍ ഞായറാഴ്ച ബാഴ്സയുടെ ദിവസമായിരുന്നു. സ്‌പാനിഷ്‌ ഫുട്‌ബോള്‍ ലീഗ്‌ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ 100 പോയിന്റെന്ന അപൂര്‍വ നേട്ടത്തിന്റെ വക്കില്‍. മുഴങ്ങിക്കേട്ടത് ഒന്നുമാത്രം, ബാഴ്സ... ബാഴ്സ മാത്രം. വയ്യാഡോളിഡിനെ 2-1 ന് തകര്‍ത്ത ബാഴ്‌സലോണ 22-ാം കിരീടാഘോഷം അവിസ്മരണീയമാക്കി. മത്സരത്തിനുശേഷം നടന്ന വര്‍ണാഭമായ ചടങ്ങില്‍ സൂപ്പര്‍താരം മെസ്സി മകന്‍ തിയാഗോയോടൊപ്പമാണ് കിരീടനേട്ടമാഘോഷിക്കാന്‍ കാമ്പ് നുയി മൈതാനത്ത് എത്തിയത്. ലീഗില്‍ 46 ഗോളുകള്‍ നേടിയ മെസ്സി ടോപ് സ്‌കോറര്‍ക്കുള്ള സുവര്‍ണ പാദുകവും കരസ്ഥമാക്കി. 34 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത്.

മഴ തകര്‍ത്താടിയ മത്സരത്തില്‍ പെഡ്രോ റോഡ്രിഗസ് നേടിയ ഗോള്‍ 20-ാം മിനിറ്റില്‍ ക്ലബ് ചാമ്പ്യന്മാരെ മുന്നിലെത്തിച്ചു. 42-ാം മിനിറ്റില്‍ വയ്യാഡോളിഡ് താരം മാര്‍ക്ക് വാലെന്റൈന്റെ സെല്‍ഫ് ഗോള്‍ ബാഴ്‌സയുടെ ലീഡ് ഇടവേളയ്ക്കുമുമ്പായി 2-0 എന്ന നിലയിലേക്ക് ഉയര്‍ത്തി. കളി അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി വിക്ടര്‍ പെരസ് വയ്യാഡോളിഡിന്റെ പരാജയ ഭാരം 2-1 ആക്കി കുറച്ചു.

പരിക്കുകാരണം മെസ്സി , ഡാനി ആല്‍വ്‌സ് എന്നീ താരങ്ങള്‍ ബാഴ്‌സയുടെ ആദ്യ ഇലവനില്‍ കളത്തിലിറങ്ങിയില്ല. പകരം ഗോളി വിക്ടര്‍ വാല്‍ഡസ്, ജാവിയര്‍ മെഷറാനോ എന്നിവര്‍ തിരിച്ചെത്തി. ബാഴ്‌സ 36 മത്സരങ്ങളില്‍ നിന്ന് 94 പോയന്റ് നേടിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡ് 82 പോയന്റും കരസ്ഥമാക്കി. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ക്കൂടി വിജയിക്കാനായാല്‍ ബാഴ്‌സയ്ക്ക് 100 പോയന്റ് നേടി റയല്‍ മാഡ്രിഡ് സ്ഥാപിച്ച ലീഗ് റെക്കോഡിന് ഒപ്പമെത്താനാവും.

മറ്റ് മത്സരങ്ങളില്‍ ലെവാന്റയെ 3-2 ന് തകര്‍ത്ത് റയോ വയ്യക്കാനോ ലീഗില്‍ എട്ടാം സ്ഥാനത്തെത്തി. റയല്‍ സരഗോസയെ 2-1 ന് തോല്പിച്ച അത്‌ലറ്റിക്കോ ബില്‍ബവോ 12-ാം സ്ഥാനത്തേക്കും മുന്നേറി. എസ്പാന്യോളിനെതിരെ ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയും ജയം നേടി (2-0).

വെബ്ദുനിയ വായിക്കുക