ഇന്നലെ നടന്ന വനിതാ സിംഗിള്‍സ് ഫൈനല്‍ കിരീടം സെറീന വില്യംസിന്. റഷ്യന്‍ താരം മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെറീന തന്റെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. 2002 നുശേഷം ആദ്യമായാണ് സെറീന റൊളംഗ് ഗാരോസില്‍ കിരീടം നേടുന്നത്.
ഇന്നലെ നടന്ന ഫൈനലില്‍ 6 - 4, 6 -4 എന്ന സ്കോറിനാണ് സെറീന ഷറപ്പോവയെ കീഴടക്കിയത്. തികച്ചും ആധികാരികമായിരുന്നു സെറീനയുടെ വിജയം. ആദ്യ സെറ്റിന്റെ അഞ്ചാംഗെയിമില്‍ ഷറപ്പോവയുടെ സര്‍വ് സെറീന ബ്രേക്ക് ചെയ്തിരുന്നു. എട്ടാം ഗെയിമില്‍ സെറീനയുടെ സര്‍വ് ബ്രേക്ക് ചെയ്തത് ഷറപ്പോവ 4- 4 ന് തുല്യതയിലെത്തിച്ചെങ്കിലും സെറീനയുടെ ശക്തിക്ക് മുന്നില്‍ ഷറപ്പോവയ്ക്ക് പതറിപ്പോകുകയായിരുന്നു. 105 മിനിട്ട് നേരമാണ് ഫൈനല്‍ മത്സരം നീണ്ടുനിന്നത്.
സെറീനയ്ക്കെതിരായ ഷറപ്പോവയുടെ തുടര്‍ച്ചയായ പത്താമത്തെ തോല്‍വിയാണിത്. 31 കാരിയായ സെറീനയുടെ പതിനാറാം ഗ്രാന്‍സ്ളാം കിരീടമാണിത്.