ടെന്നീസിലെ രാജാവ് നില്‍ക്കേ മികച്ച കായിക താരം ആരെന്ന കാര്യത്തില്‍ സ്വിറ്റ്‌സര്‍ലണ്ട്കാര്‍ക്ക് യാതൊരു സംശയവുമില്ല. ഒരു മഞ്ഞപ്പന്തും റാക്കറ്റും കൊണ്ട് ലോകത്തെ ടെന്നീസ് ആരാധകരെ മുഴുവന്‍ കാല്‍ക്കീഴിലാക്കിയ ഫെഡററെ തന്നെ നാലാം തവണയും മികച്ച കായിക താരമായി സ്വിസ് ജനത വിലയിരുത്തി.
സൈക്ലിംഗ് താരം ഫാബിയന്‍ കാന്‍സലറെയും മാരത്തോണ്‍ ഓട്ടക്കാരി വിക്ടര്‍ റോത്‌ലിനെയും പിന്നിലാക്കിയാണ് ഫെഡറര്‍ ഒന്നാമതെത്തിയത്. 2003, 2004, 2006 വര്‍ഷങ്ങളിലും ഇതേ അവാര്‍ഡിനായി ഫെഡററെ തെരഞ്ഞെടുത്തിരുന്നു. 12 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടിയിട്ടുള്ള ഫെഡറര്‍ സ്വന്തം നാട്ടില്‍ ഇപ്പോഴും താന്‍ സ്വീകാര്യനാണെന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു.
ദുബായിയിലെ പരിശീലന കേന്ദ്രത്തിലാണ് ഫെഡറര്‍ ഇപ്പോള്‍. ഈ വര്‍ഷം തെരഞ്ഞെടുത്തതിലൂടെ മുന്‍ സൈക്ലിംഗ് താരം ടോണി റൊമിംഗറിന്‍റെ നേട്ടത്തിനൊപ്പമായി ഫെഡറര്‍. മുന്‍ ചാമ്പ്യന്‍മാരായ ബ്യോണ്‍ബോര്‍ഗ്, സമ്പ്രാസ്, റോയ് എമേഴ്‌സണ്‍ തുടങ്ങിയവര്‍ തന്നെ അഭിനന്ദിച്ചതായും ഫെഡറര്‍ വ്യക്തമാക്കി.
അമേരിക്കന്‍ താരം പീറ്റ് സമ്പ്രാസിന്‍റെ 14 ഗ്രാന്‍ഡ് സ്ലാം റെക്കോഡുകള്‍ എന്ന ലക്‍ഷ്യത്തിലെത്താന്‍ രണ്ടു കിരീടങ്ങള്‍ കൂടി മതി ഫെഡറര്‍ക്ക്. ഫെഡറര്‍ തന്‍റെ റെക്കോഡ് തകര്‍ക്കുന്നത് കാണുന്നത് രസകരമായിരിക്കുമെന്ന് സമ്പ്രാസ് പറയുമ്പോള്‍ സമ്പ്രാസിന്‍റെ റെക്കോഡ് തനിക്ക് സ്വപ്നമാണെന്നാണ് ഫെഡറര്‍ പറയുന്നത്. അതേ സമയം തന്നെ ഈ വര്‍ഷം കൂടുതല്‍ ആരോഗ്യവാനായി നില്‍ക്കാനാണ് ആഗ്രഹമെന്നു ഫെഡറര്‍ പറയുന്നു.