തിരിച്ചുവരാന്‍ തയ്യാറെന്ന് ഷറപ്പോവ

Webdunia
വ്യാഴം, 23 ജൂലൈ 2009 (12:10 IST)
വിംബിള്‍ഡണിലെ നിരാശജനകമായ പ്രകടനത്തിനുശേഷം ടെന്നീസിലേക്ക് പൂര്‍ണ കരുത്തോടെ തിരിച്ചുവരാന്‍ തയ്യാറായി കഴിഞ്ഞുവെന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ താരം റഷ്യയുടെ മരിയ ഷറപ്പോവ. പൂര്‍ണ ശാ‍രീരിക ക്ഷമത കൈവരിച്ചതായും ചുമലിലെ പരുക്ക് ഭേദമായതായും ഷറപ്പോവ പറഞ്ഞു.

കാലിഫോര്‍ണിയയില്‍ നടക്കുന്ന ന്യൂപോര്‍ട്ട് ബീച്ച് ബേക്കേര്‍സിന്‍റെ ലോക ടീം ടെന്നീസില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഷറപ്പോവ. പരുക്കില്‍ നിന്ന് മോചിതയാവാനായി ആവശ്യമായ വിശ്രമം എടുത്തതിനാലാണ് ഇപ്പോള്‍ ടെന്നീസിലേക്ക് തിരിച്ചുവരാനായത്.

കഴിഞ്ഞ ഒക്ടോബറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയ ആയശേഷം വിംബിള്‍ഡണ്‍ ഉള്‍പ്പെടെ നാല് ടൂര്‍ണമെന്‍റുകളില്‍ ഷറപ്പോവ പങ്കെടുത്തിരുന്നു. എന്നാല്‍ നാല് ടൂര്‍ണമെന്‍റുകളിലും ആദ്യ പത്ത് റാ‍ങ്കിന് പുറത്തുള്ള താരങ്ങളോട് തോറ്റ് മടങ്ങാനായിരുന്നു റഷ്യന്‍ താരത്തിന്‍റെ വിധി.

കഴിഞ്ഞ മാസം നടന്ന വിംബിള്‍ഡണില്‍ രണ്ടാം റൌണ്ടില്‍ തന്നെ മുന്‍ ചാമ്പ്യന്‍ കൂടിയാ ഷറപ്പോവ പുറത്തായിരുന്നു. ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന യു എസ് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടത്തോടെ തിരിച്ചുവരവ് ഗംഭീരമാക്കാന്‍ കഴിയുമെന്ന് ഷറപ്പോവ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 14 വയസില്‍ മത്സര ടെന്നീസിലേക്ക് വന്ന ഷറപ്പോവ 22 വയസിനുള്ളില്‍ മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളില്‍ മുത്തമിട്ടു കഴിഞ്ഞു.