ഡബിള്‍സ് കിരീടം ബ്രയന്‍ സഹോദരന്‍‌മാര്‍ക്ക്

ഞായര്‍, 31 ജനുവരി 2010 (12:26 IST)
PRO
ഓസ്ട്രേലിയന്‍ ഓപ്പണിലെ പുരുഷവിഭാഗം ഡബിള്‍സ് കിരീടം ബ്രയന്‍ സഹോദരന്‍‌മാര്‍ നിലനിര്‍ത്തി. ഡാനിയേല്‍ നെസ്റ്റര്‍ (കാന്‍ഡ) നെനാദ് സിമോണ്‍ജിക് (സെര്‍ബിയ) സഖ്യത്തെയാണ് ബ്രയന്‍ സഹോദരന്‍‌മാര്‍ കലാശക്കളിയില്‍ മുട്ടുകുത്തിച്ചത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ മൈക്ക് ബ്രയനും ബോബ് ബ്രയനും നേടുന്ന നാലാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്.

മൂന്ന് സെറ്റുകള്‍ നീണ്ടു നിന്ന ഉജ്ജ്വല പോരാട്ടത്തിനൊടുവിലാണ് ( 6-3, 6-7, 6-3) അമേരിക്കന്‍ സഹോദരന്‍‌മാര്‍ കിരീടം നിലനിര്‍ത്തിയത്. ബ്രയന്‍ സഹോദരന്‍‌മാരുടെ കരിയറിലെ എട്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.

ആദ്യ സെറ്റ് മുപ്പത്തിരണ്ട് മിനുട്ടുകള്‍ക്കുള്ളില്‍ സ്വന്തമാക്കിയ ബ്രയന്‍ ജോഡി മികച്ച പോരാട്ടമാണ് കോര്‍ട്ടില്‍ കാഴ്ചവെച്ചത്. രണ്ടാം സെറ്റില്‍ എതിരാളികള്‍ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും പഴുതുകളില്ലാത്ത കേളീമികവിലൂടെ മൂന്നാം സെറ്റ് സ്വന്തമാക്കി ഇവര്‍ വിജയം ഉറപ്പിക്കുകയായിരുന്നു.

ഈ വിജയത്തോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാമുകള്‍ നേടുന്ന രണ്ടാമത്തെ ജോഡിയായി മാറി ഇവര്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ മഹേഷ് ഭൂപതിയെയും ബഹാമിയന്‍ താരമായ മാര്‍ക്ക് നോള്‍സിനെയും പരാജയപ്പെടുത്തിയാണ് ബ്രയന്‍ സഹോദരന്‍‌മാര്‍ ഓസ്ട്രേലിയയില്‍ കിരീടമണിഞ്ഞത്.

വെബ്ദുനിയ വായിക്കുക