ഒത്തുകളി അനുവദിക്കാനാകില്ല: ഹെനിന്‍

ടെന്നീസില്‍ ഒത്തുകളി വിവാദം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നു വനിതാ ലോക ഒന്നാംനമ്പര്‍ താരം ജസ്റ്റിന്‍ ഹെനിന്‍. അടുത്ത കാലത്തായി ഒട്ടേറെ താരങ്ങളാണ് ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടത്.

ഇത്തരം വഞ്ചനകള്‍ ടെന്നീസ് അധികൃതര്‍ ഒരു തലത്തിലും അനുവദിക്കരുതെന്നും അത്തരം കളിക്കാര്‍ക്കെതിരെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നുമാണ് ഹെനിന്‍ നിര്‍ദ്ദേശിക്കുന്നത്. “ ഇത് വളരെ പ്രധാനമാണ്. ഞാനാണെങ്കിലും ഇത് സഹിക്കാനാകില്ല. ഇങ്ങനെ ഒന്ന് സംഭവിക്കാന്‍ പാടില്ല.” ഹെനിന്‍ കൂട്ടിച്ചേര്‍ത്തു.

“ഇതു ഉത്തേജക മരുന്നു പരിശോധന പോലെയാണ്. ഇത്തരം കാര്യങ്ങള്‍ അതേ സമയത്തെ തെളിവുകള്‍ ഇല്ലാതെ പെട്ടെന്നു കണ്ടു പിടിക്കാനാകില്ല. ഇതിനു അമിതമായ പ്രാധാന്യം ഉണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ പ്രാധാന്യം കുറയുന്നുമില്ല.” ഹെനിന്‍ പറയുന്നു.

എന്നാല്‍ ഇങ്ങനെ ഒന്നു സംഭവിച്ചെങ്കില്‍ എന്നതിനെ ആശ്രയിച്ചാണു പറയുന്നതെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച നടന്ന സോണി ഐറിക്സണ്‍ ചാമ്പ്യന്‍‌ഷിപ്പില്‍ കിരീടം നേടിയ ഹെനിന്‍ താനിതുവരെ ഇത്തരം സംഭവത്തിനു ഇരയായിട്ടില്ലെന്നും വ്യക്തമാക്കുന്നു.

ആര്‍നോള്‍ഡ് ക്ലെമെന്‍റ്, മൈക്കല്‍ ലോദ്രാ, ജൈല്‍‌സ് എത്സനീര്‍ തുടങ്ങിയ താരങ്ങള്‍ മത്സരം തോറ്റു കൊടുക്കാന്‍ തങ്ങള്‍ക്ക് വാഗ്‌ദാനം ലഭിച്ചതായി അടുത്ത കാലത്ത് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ലോക നാലാം നമ്പര്‍ റഷ്യന്‍ താരം നിക്കോളേ ഡാവിഡെങ്കോ ഇക്കാര്യത്തില്‍ അന്വേഷണവും നേരിടുകയാണ്.

വെബ്ദുനിയ വായിക്കുക