എഫ്‌എ കപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ ചെല്‍സി ഇന്ന് വാട്‌ഫോര്‍ഡിനെ നേരിടും. വാട്‌ഫോര്‍ഡ് രണ്ടാം ഡിവിഷന്‍ ക്ലബ്ബാണെങ്കിലും ചെല്‍സിക്ക് ഇത് പരീക്ഷണ വേദിയാണ്. ഇന്നും തോല്‍വിയുടെ കയ്പ്പറിഞ്ഞാല്‍ ടീമിന് അത് കനത്ത ആഘാതമാകും. പരിശീലക സ്ഥാനത്ത് നിന്ന് ലൂയി ഫിലിപ് സ്കൊളാരിയെ പുറത്താക്കിയത് തന്നെ ഇന്നത്തെ ജയത്തിന് വേണ്ടിയാണ്.
എന്തുവന്നാലും ടീമിനെ വിജയിപ്പിച്ചേ മതിയാവൂ എന്ന അവസ്ഥയിലാണ് ക്യപ്റ്റന്‍ ജോണ്‍ ടെറി. സ്കൊളാരിക്ക് പകരം പരിശീലകസ്ഥാനം ഏറ്റെടുത്ത ഗസ് ഹിഡിംഗിനും ഇന്ന് അഗ്നിപരീക്ഷണതിന്‍റെ ദിനമാണ്. ഡച്ചുകാരനായ ഹിഡിംഗിന്‍റെ തന്ത്രങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ചെല്‍സിയുടെ ആരാധകരും. ലോകകപ്പില്‍ ദക്ഷിണകൊറിയയെയും യൂറോകപ്പില്‍ റഷ്യയേയും ശ്രദ്ധേയമാക്കിയ ഹിഡിംഗിന്‍റെ മാജിക് ചെല്‍സിയില്‍ എത്രത്തോളം പ്രയോജനം ചെയ്യുമെന്നാണ് ഫുട്ബോള്‍ ലോകവും ഉറ്റുനോക്കുന്നത്.
എഫ്‌എ കപ്പിലും ചാമ്പ്യന്‍സ് ലീഗിലും പ്രീമിയര്‍ ലീഗിലും ചെല്‍സിയുടെ സാധ്യതകള്‍ അവസാനിച്ചുവെന്ന് വിമര്‍ശകരും വിധിയെഴുതി തുടങ്ങി. ഇതിന് തടയിടേണ്ട ബാധ്യതയും ടീമിനുണ്ട്. ടൂര്‍ണമെന്‍റില്‍ പോയിന്‍റ് നിലയില്‍ ചെല്‍സി ഇപ്പോള്‍ നാലാം സ്ഥാനത്താണ്.