അസ്‌ലന്‍ ഷാ കപ്പ് ഹോക്കി കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ മലേഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പതിമൂന്ന് വര്‍ഷത്തിനുശേഷം ഇന്ത്യ കിരീടം നേടിയത്. 2003ലെ ആഫ്രോ-ഏഷ്യന്‍ ഗെയിംസിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ കിരീട വിജയമാണിത്.
തുടക്കം മുതല്‍ ശക്തമായ നീക്കങ്ങളാണ് ഇന്ത്യ നടത്തിയത്. എതിരാളികളുടെ എല്ലാ നീക്കങ്ങളെയും സമര്‍ത്ഥമായി നേരിട്ട ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ആക്രമിച്ച് കളിച്ച ഇന്ത്യന്‍ നിരയെ പിടിച്ചുകെട്ടാന്‍ മലേഷ്യന്‍ പ്രതിരോധത്തിനായില്ല.
കളിയുടെ ആദ്യ പകുതിയിലെ എട്ടാം മിനുട്ടില്‍ അര്‍ജുന്‍ ഹാലപ്പ ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തു. എന്നാല്‍ ആദ്യ ഗോളിന്‍റെ ആവേശം അധിക സമയം നിലനിന്നില്ല. മൂന്ന് മിനുട്ടിനകം മലേഷ്യ തിരിച്ചടിച്ചു. ഇരുപതാം മിനുട്ടില്‍ പ്രഭ്ജോത് സിംഗിലൂടെ ഇന്ത്യ വീണ്ടും മുന്നിലെത്തി. തുടര്‍ന്ന് ശിവേന്ദര്‍ സിംഗ് മലേഷ്യയുടെ പ്രതിരോധം തകര്‍ത്ത് മൂന്നാം ഗോള്‍ നേടി.
ശനിയാഴ്ച നടന്ന സെമി ഫൈനല്‍ മല്‍സരത്തില്‍ പാകിസ്ഥാനെ കീഴ്പ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ന്യൂസിലന്‍ഡിനെ 1-1ന് സമനിലയില്‍ തളച്ചാണ് മലേഷ്യ ഫൈനലില്‍ പ്രവേശിച്ചത്. ലീഗ് മല്‍സരത്തില്‍ മലേഷ്യയെ 3-0ന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു.