വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇടകലര്‍ന്ന ആരാധന രീതികളാണ് ഭാരതീയരുടേത്. രാജ്യത്തിന്റെ പല കോണുകളിലും വ്യത്യസ്ഥവും ആശ്ചര്യമുണ്ടാക്കുന്നതുമായ ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഈശ്വരനെ ആരാധിക്കുന്നതിനൊപ്പം പ്രപഞ്ചത്തില്‍ മറ്റൊരു ശക്തി കൂടിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഈ ശക്തി പല നാടുകളിലും വ്യത്യസ്ഥ പേരുകളിലാണ് അറിയപ്പെടുന്നത്.
പ്രേതം, ചാത്തന്‍, കുട്ടി ചാത്താന്‍, ചാത്തനേറ്, ഭൂതം, മാടന്‍ , ഒടിയന്‍, പൊട്ടി, യെക്ഷി, വടയെക്ഷി, മറുത എന്നിങ്ങനെയുള്ള വിവിധ പേരുകളില്‍ പല വിശ്വാസങ്ങളും ഇന്നത്തെ സമൂഹത്തിലുണ്ട്. ഈ പേരുകള്‍ കേട്ടിട്ടുണ്ടെങ്കിലും എന്താണ് ഇവയെന്നും ഇതിനു പിന്നിലുള്ള കഥകള്‍ എന്താണെന്നും ഭൂരിഭാഗം പേര്‍ക്കുമറിയില്ല.
ഇതില്‍ തമിഴ്‌നാട്ടിലും കേരളത്തിലുമായി പടര്‍ന്നു കിടക്കുന്ന ഒരു വിശ്വാസമാണ് മാടന്‍. ഭീകരരൂപിയായ ഒരു ദുര്‍ദേവതയാണ് മാടനെന്നാണ് വിശ്വാസം. ദുര്‍മൃതി പ്രാപിച്ചവരുടെ പ്രേതമാണ് മാടന്‍ എന്ന ദുര്‍ദേവതയായിത്തീരുന്നതെന്ന സങ്കല്‍പ്പവും നിലവിലുണ്ട്.
മാടന്‍ ഒരു ഗ്രാമദേവത കൂടിയാണെന്ന് ചിലര്‍ കരുതുന്നുണ്ട്. പലയിടത്തും ചെറിയ കോവിലുകള്‍ മാടനായി നിര്‍മിച്ചിട്ടുണ്ട്. ‘മാട്’ എന്ന തമിഴ് ശബ്ദത്തില്‍ നിന്നാണ് ‘മാടന്‍’എന്ന പദത്തിന്റെ നിഷ്പത്തിയെന്നും, ശൈവാരാധനയുടെ പ്രാക്തനമായ സങ്കല്‍പമാണെതെന്നും വിശ്വസിക്കുന്നവരുണ്ട്.