യു.എ.ഇ യില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള പൊതുമാപ്പിന്‍റെ കാലാവധി അനുസരിച്ച് രാജ്യം വിടാനുള്ള സമയം ചിലര്‍ക്ക് നീട്ടി. നവംബര്‍ മൂന്നാം തീയതി വരെയാണ് പുതുക്കിയ തീയതി അനുസരിച്ചുള്ള് അവസാന തീയതി.
എന്നാല്‍ പൊതുമാപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായവര്‍ക്ക് മാത്രമാണ് ഈ തീയതി നീട്ടിക്കൊടുത്തിട്ടുള്ളത്. യു.എ.ഇ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയതാണിത്.
പൊതുമാപ്പ് നല്‍കുന്നത് സംബന്ധിച്ച് രാജ്യം വിടേണ്ടവര്‍ ഔട്ട്‌പാസ്, വിരലടയാള പരിശോധന, എക്‌സിറ്റ് പെര്‍മിറ്റ് എന്നീ എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ മാത്രമേ ഈ ആനുകൂല്യം ബാധകമാവുകയുള്ളു.
രാജ്യം വിടുന്നതിനുള്ള നടപടിക്രമം പൂര്‍ത്തിയാക്കിയിട്ടും സാമ്പത്തികപ്രയാസത്താലും മറ്റും രാജ്യം വിടാന്‍ സാധിക്കാത്തവര്‍ക്ക് ഇതു മൂലം സാവകാശം ലഭിക്കും.
എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം വിമാന ടിക്കറ്റിനോ മറ്റോ ഉള്ള കാലതാമസം പരിഗണിച്ചാണ് സമയം നീട്ടിയതെന്നും അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ പൊതുമാപ്പ് കാലാവധി നീട്ടിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അനധികൃത താമസക്കാര്‍ പിഴയോ നിയമനടപടികളോ കൂടാതെ യുഎഇ വിടാനായി ജൂണ്‍ മൂന്നിനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതിനകം ഇന്ത്യക്കാരുള്‍പ്പെടെ ഒന്നര ലക്ഷത്തിലേറെ പേര്‍ ഈ അവസരം ഉപയോഗപ്പെടുത്തി നാട്ടില്‍ പോവുകയോ രേഖകള്‍ നിയമാനുസൃതമാക്കുകയോ ചെയ്‌തിട്ടുണ്ട്.