പാസ്പോര്‍ട്ടില്ലാത്തവര്‍ക്കും പൊതുമാപ്പ്‌

Webdunia
തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2007 (12:58 IST)
പൊതുമാപ്പിലൂടെ പാസ്പോര്‍ട്ട്‌ ഇല്ലാത്തവര്‍ക്കും ബഹ്‌റൈനില്‍ നിന്ന്‌ നാട്ടിലേക്ക്‌ മടങ്ങാമെന്ന്‌ റിപ്പോര്‍ട്ട്‌. ഇത്‌ സംബന്ധിച്ച്‌ ഇന്ത്യന്‍ എംബസി അധികൃതര്‍ വെളിപ്പെടുത്തിയതാണിത്‌.

പാസ്പോര്‍ട്ടു പോലുള്ള മതിയായ രേഖകള്‍ ഇല്ലാത്തവര്‍ക്കും എംബസി നല്‍കുന്ന ഔട്ട്‌പാസ്‌ വഴി നാട്ടിലെത്താന്‍ ആകുമെന്ന് ജനറല്‍ ഡയറക്ടറേറ്റ്‌ ഓഫ്‌ നാഷണാലിറ്റി, പാസ്പോര്‍ട്‌സ്‌ ആന്‍ഡ്‌ റെസിഡന്‍സ്‌ ഡയറക്ടര്‍ കേണല്‍ യൂസഫ്‌ അല്‍ ഗഥം വെളിപ്പെടുത്തിയതായാണ്‌ ഇന്ത്യന്‍ എംബസി അറിയിച്ചത്‌.

ഇപ്പോള്‍ തന്നെ പൊതുമാപ്പു പ്രയോജനപ്പെടുത്തി നാട്ടിലേക്കു പോകാനാഗ്രഹിച്ച്‌ ഒട്ടേറെ അപേക്ഷകള്‍ ഇന്ത്യന്‍ എംബസിയില്‍ ലഭിക്കുന്നുണ്ട്‌. ഇവരോട്‌ ഇന്ത്യന്‍ പൗരനാണെന്നു തെളിയിക്കുവാനായി നാട്ടില്‍നിന്നും പഞ്ചായത്തു പ്രസിഡന്‍റോ മറ്റ്‌ അധികാരികളോ സാക്‍ഷ്യപ്പെടുത്തിയ രേഖകള്‍ ഹാജരാക്കാന്‍ പറഞ്ഞിരുന്നു. രേഖകള്‍ നാട്ടില്‍നിന്ന്‌ വരുത്തി എംബസിയില്‍ ഹാജരാക്കിയതിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക്‌ ഔട്ട്‌പാസും നല്‍കിയിരുന്നു.

അതേ സമയം ഇത്തരം അവസരങ്ങളില്‍ ഔട്ട്‌പാസുമായി ഇമിഗ്രേഷന്‍ വിഭാഗത്തെ ബന്ധപ്പെട്ട ഇവരോട്‌ പാസ്പോര്‍ട്ടിന്‍റെ കോപ്പിയെങ്കിലും ഹാജരാക്കണമെന്ന്‌ അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന്‌ ഈ തടസ്സങ്ങള്‍ ഒഴിവാക്കണമെന്നു കാണിച്ച്‌ ഇമിഗ്രേഷന്‍ ഡയറക്ടര്‍ക്ക്‌ ഇന്ത്യന്‍ എംബസി കത്ത്‌ നല്‍കിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ്‌ ഇവര്‍ക്ക്‌ നാട്ടില്‍ പോകാന്‍ തടസ്സമില്ലെന്ന്‌ കേണല്‍ അല്‍ ഗഥം അറിയിച്ചത്‌. ഔട്ട്‌പാസ്‌ വാങ്ങിയിട്ടുള്ളവര്‍ എത്രയും വേഗം ഇമിഗ്രേഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന്‌ എംബസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌.

എന്നാല്‍ കോടതിയില്‍ കേസുള്ളവര്‍ക്ക്‌ പൊതുമാപ്പ്‌ പ്രയോജനപ്പെടുത്തി നാട്ടിലെത്തുക പ്രയാസമുള്ള കാര്യമാണ്‌. നിയമമനുസരിച്ച്‌ കേസില്‍ തീര്‍പ്പു കല്‍പ്പിക്കുകയോ കേസ്‌ പിന്‍വലിക്കുകയോ ചെയ്താല്‍ മാത്രമേ നാട്ടില്‍ പോകാനാകൂ.

അതേ സമയം ഗുരുതരമല്ലാത്ത കാരണത്താലുള്ള കേസുകളാണെങ്കില്‍ സ്പോണ്‍സര്‍മാരുമായി സംസാരിച്ച്‌ പരിഹരിച്ചുകഴിഞ്ഞാല്‍ പിഴയില്ലാതെ നാട്ടിലെത്താനാകും എന്നാണറിയുന്നത്‌..