കുവൈറ്റ്‌: തൊഴില്‍ നിയമം മാറിയേക്കും

Webdunia
വ്യാഴം, 20 സെപ്‌റ്റംബര്‍ 2007 (14:13 IST)
കുവൈറ്റിലെ തൊഴില്‍ നിയമത്തില്‍ കാതലായ മാറ്റം ഉണ്ടായേക്കുമെന്ന്‌ സൂചന. പുതിയ തൊഴില്‍ നിയമത്തില്‍ വിദേശ തൊഴിലാളികള്‍ക്ക്‌ ഗുണകരമായ പല മാറ്റങ്ങളും അടുത്തുതന്നെ ഉണ്ടാകുമെന്നാണ്‌ സൂചന.

കുവൈറ്റ്‌ തൊഴില്‍ വകുപ്പ്‌ അണ്ടര്‍ സെക്രട്ടറി മുഹമ്മദ്‌ അല്‍ കണ്ടരി വെളിപ്പെടുത്തിയതാണ്‌ ഈ വിവരം. പുതിയ നിയമം അനുസരിച്ച്‌ നിലവിലുള്ള സ്പോണ്‍സര്‍ഷിപ്പ്‌ സംവിധാനത്തില്‍ സമൂലമായ പൊളിച്ചെഴുത്താണ്‌ പരിഗണനയിലുള്ളത്‌.

പുതിയ നിയമത്തില്‍ വീട്ടുജോലിക്കുള്ള വിസയക്കം എല്ലാത്തരം വിസയിലുമെത്തുന്ന വിദേശികള്‍ക്കും തങ്ങളുടെ സ്പോണ്‍സര്‍മാരെ മാറ്റാന്‍ സൗകര്യമൊരുക്കുന്നതുള്‍പ്പടെയുള്ള പരിഷ്കാരങ്ങളാണ്‌ പരിഗണനയിലുള്ളത്‌ എന്നറിയുന്നു.. ഇത്‌ പ്രാവര്‍ത്തികമായാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള അനേകം വിദേശ തൊഴിലാളികള്‍ക്ക്‌ വളരെയേറെ പ്രയോജനപ്പെടും.

കുവൈറ്റിലെ വീട്ടുജോലി എന്ന വിസയിലാണ്‌ അഞ്ചുലക്ഷത്തി അറുപതിനായിരത്തോളം വരുന്ന ഇന്ത്യക്കാരില്‍ ഏതാണ്ട്‌ പകുതിയോളം പേരും എത്തിയിട്ടുള്ളത്‌. തൊഴിലുടമയുടെ പീഡനം പലതരത്തിലും അനുഭവിക്കേണ്ടി വരുന്ന ഇവര്‍ക്ക്‌ സ്പോണ്‍സര്‍മാരെ മാറ്റാന്‍ സ്വാതന്ത്ര്യമില്ലാത്തതിനാല്‍ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്‌.

ഇത്തരമൊരു സാഹചര്യത്തിലാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മനുഷ്യാവകാശ സംഘടനകള്‍ തൊഴില്‍ സംഘടനകള്‍ എന്നിവരുടെ കടുത്ത വിമര്‍ശനത്തിനിയാക്കിയതോടെയാണ്‌ തൊഴിലാളികള്‍ക്ക് അനുകൂലമായ പല നടപടികള്‍ക്കും സര്‍ക്കാര്‍ ആലോചിക്കുന്നത്‌.

എന്നാല്‍ മറ്റൊരു പ്രധാന കാര്യം വിദേശ തൊഴിലാളികളെ കൂടുതല്‍ ആശ്രയിക്കുന്ന പ്രവണത ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ്‌ കുവൈറ്റ്‌ സര്‍ക്കാര്‍ പരിഗണനയിലുള്ളത്‌ എന്നും അറിയുന്നു.