ഇന്ത്യയില്‍ ലേബര്‍ഓഫീസ് തുറക്കാന്‍ യുഎഇ

Webdunia
ചൊവ്വ, 23 ഒക്‌ടോബര്‍ 2007 (13:12 IST)
ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ലേബര്‍ ഓഫീസുകള്‍ ആരംഭിക്കാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സര്‍ക്കാര്‍ തീരുമാനിച്ചു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച് ഉണ്ടാവുന്ന പ്രശ്നങ്ങള്‍ കുറയ്ക്കാനും ഇടനിലക്കാരായുള്ള ഏജന്‍സികളെ ഒഴിവാക്കാനുമാണ് ഇത്തരമൊരു തീരുമാനം.

യു.എ.ഇ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും യു.എ.ഇ തൊഴില്‍ മന്ത്രി അലി ബിന്‍ അബ്ദുള്ള അലി കാബിയും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് യു.എ.ഇ ഇന്ത്യയില്‍ ലേബര്‍ ഓഫീസുകള്‍ തുറക്കാന്‍ ഇരു സര്‍ക്കാരുകളും തമ്മില്‍ ധാരണയായിട്ടുണ്ട്.

ഇന്ത്യയില്‍ ആരംഭിക്കുന്ന ലേബര്‍ ഓഫീസുകള്‍ യു.എ.ഇ യിലേക്ക് പോവുന്ന തൊഴിലാളികളെ അവിടേക്ക് പോവുന്നതിനു മുമ്പായി അവിടത്തെ നിയമങ്ങളും ആചാര മര്യാദകളും പഠിപ്പിക്കാന്‍ സഹായിക്കും.

അവിദഗ്ദ്ധ തൊഴിലാളികള്‍ ആറു വര്‍ഷത്തിലധികം യു.എ.ഇ യില്‍ തൊഴിലെടുക്കരുതെന്ന യു.എ.ഇ നിര്‍ദ്ദേശത്തോട് വയലാര്‍ രവിയെടുത്ത നിലപാടിനെ യു.എ.ഇ മന്ത്രി അലി ബിന്‍ അബ്ദുള്ള അലി കാബി പ്രശംസിച്ചു. അടുത്ത മാസം സൌദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ ചേരുന്ന ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ വകുപ്പ് മന്ത്രിമാരുടെ സമ്മേളനം ഇത് പരിഗണിക്കും.

ഒരിക്കല്‍ തൊഴില്‍ ഉടമ്പടി ഒപ്പുവച്ചതനുസരിച്ച് ആരംഭിച്ച ജോലിക്കിടയ്ക്ക് വേതന വര്‍ദ്ധന ആവശ്യപ്പെടുന്നത് ഉചിതമല്ലെന്നും അതിനായി സമരം ചെയ്യുന്നവരെ പുറത്താക്കുമെന്നും അലി ബിന്‍ അബ്ദുള്ള അലി കാബി പറഞ്ഞു.

തൊഴില്‍ ഉടമ്പടിയുടെ കാലാവധി അവസാനിച്ച ശേഷം മറ്റ് തൊഴില്‍ തേടുന്നതിനും ഉയര്‍ന്ന വേതനത്തിനുമായി ആവശ്യപ്പെടുന്ന ഇന്ത്യക്കാരുടെ കാര്യം ചര്‍ച്ച ചെയ്തിരുന്നു.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യു.എ.ഇ യില്‍ എത്തിയ വയലാര്‍ രവി ബഹ്‌റിനും സന്ദര്‍ശിക്കുന്നുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ യു.എ.ഇ യില്‍ ജോലിചെയ്യുന്ന ഇന്ത്യാക്കാരുടെ പുരോഗതിക്കായി ഇരു രാജ്യങ്ങളും തമ്മില്‍ ഉടമ്പടി ഒപ്പുവച്ചിരുന്നു.