ശിവരാത്രി-സാത്വികത വളര്‍ത്തുന്ന വ്രതം

Webdunia
രാജസ, താമസ ഗുണങ്ങളെ നിയന്ത്രിച്ച് ഉള്ളില്‍ സാത്വികത വളര്‍ത്തുന്ന വ്രതമാണിത്. ശിവരാത്രി നാളില്‍ ബ്രാഹ്മമുഹൂര്‍ത്തത്തിലുണര്‍ന്ന് സ്നാനാദി കര്‍മ്മങ്ങള്‍ കഴിച്ച ശേഷം ഭസ്മം രുദ്രാക്ഷം എന്നിവ ധരിച്ചുകൊണ്ട് ശിവസ്തുതികള്‍, പഞ്ചാക്ഷരമന്ത്രം തുടങ്ങിയവ ജപിക്കുക. ശിവക്ഷേത്ര ദര്‍ശനം നടത്തി ക്ഷേത്രത്തില്‍ തന്നെ കഴിഞ്ഞുകൂടുന്നതും ഉത്തമം. പകല്‍ ഉപവാസം നിര്‍ബന്ധമാണ്.

ശിവപുരാണ പാരായണം ശ്രവിച്ചുകൊണ്ട് പകല്‍ ഭക്തിപൂര്‍വ്വം വര്‍ത്തിക്കുക. വൈകിട്ട് വീണ്ടും കുളിച്ച ശേഷം ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ കൂവളമാല ചാര്‍ത്തുക. കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തുക. ശുദ്ധജലം, പാല്‍ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. ഇവയൊക്കെ വിധിപ്രകാരം ചെയ്യേണ്ടതാണ്.

രാത്രി പൂര്‍ണമായും ഉറക്കമൊഴിയണം. രാവിലെ ശിവപൂജ, ബ്രാഹ്മണ ഭോജനം, ദാനം ആദിയായവ ചെയ്തശേഷം പാരണ കഴിക്കാം. ഇത്തരത്തില്‍ ഈ മഹാവ്രതം അനുഷ്ഠിക്കുന്നവരുടെ സകലപാപങ്ങളും നശിക്കുകയും ഐശ്വര്യവും ശ്രേയസ്സും സിദ്ധിക്കുകയും മരണാനന്തരം ശിവലോകം പ്രാപിക്കുകയും ചെയ്യുന്നു.

ഭാരതീയ ഉത്സവങ്ങളില്‍ ശിവരാത്രിയോളം പ്രാധാന്യവും ശ്രേഷ്ഠവുമെന്നു പറയാവുന്ന മറ്റൊത്ധ ഉത്സവമില്ലെന്നു തന്നെ പറയാം. 'ആയിരം ഏകാദശിക്കു തുല്യമാണ് അര ശിവരാത്രി" എന്ന ചൊല്ലുതന്നെ ശിവരാത്രിയുടെ മാഹാത്മ്യമാണ് വിളംബരം ചെയ്യുന്നത്.