കേരളത്തിലെ ശിവക്ഷേത്രങ്ങള്‍ 7

Webdunia
പെരുവനം മഹാദേവക്ഷേത്രം

പ്രധാനമൂര്‍ത്തി ഇരട്ടയപ്പന്‍. പീഠത്തില്‍ രണ്ട് ലിംഗമാണ്. യോഗീശ്വരനായ ശിവന്‍ എന്നാണ് മൂര്‍ത്തി സങ്കല്പം. ഈ ക്ഷേത്രം മൂന്ന് നിലയാണ്. നിലത്ത് നിന്നും 30 അടി ഉയരത്തിലാണ് പ്രതിഷ്ഠ ഈ ക്ഷേത്രത്തിലെ ലിംഗത്തിന് പീഠമുള്‍പ്പൈടെ ഏഴടിയോളം പൊക്കമുണ്ട്. ഇവിടുത്തെ പാര്‍വതി വിഗ്രഹം വരിക്കപ്ളാവില്‍ തീര്‍ത്തതാണ്.

വടക്കുന്നാഥ ക്ഷേത്രം (തൃശ്ശൂര്‍)

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്ന്. ഈ ക്ഷേത്രസന്നിധിയിലാണ് പ്രസിദ്ധമായ തൃശ്ശൂര്‍പൂരം. കേരളക്കരയിലെ ശ്രീമൂലസ്ഥാനം എന്നും പേരുണ്ട്. ശ്രീകോവിലിലെ ലിംഗപ്രതിഷ്ഠ കാണാന്‍ സാധിക്കില്ല. പത്തടിയോളം പൊക്കത്തില്‍ നെയ്യ് മല പോലെയിരിക്കുകയാണ്. വൃശ്ഛികമാസത്തിലെ കാര്‍ത്തിക തിരുനാളില്‍ കുമരനെല്ലൂര്‍ ഭഗവതിയുടെ എഴുന്നള്ളത്ത് കാണുന്നതിന് ശിവന്‍ ഇവിടെ എഴുന്നള്ളുന്നു എന്നാണ് വിശ്വാസം. ഇവിടെയുള്ള സമാധിസ്ഥാനം ശങ്കരാചാര്യരുടെതായിരുന്നു എന്ന് കരുതപ്പെടുന്നു.

വൈക്കം മഹാദേവക്ഷേത്രം (കോട്ടയം)

ശിവന്‍റെ പ്രതിഷ്ഠ. രാവിലെ ദക്ഷിണാമൂര്‍ത്തി, ഉച്ചയ്ക്ക് കിരാത മൂര്‍ത്തി വൈകിട്ട് പാര്‍വ്വതി സമേതനായ സാംബശിവന്‍ എന്നിങ്ങനെ.വൃശ്ഛികത്തിലെ അഷ്ടമിയും കുംഭത്തിലെ അഷ്ടമിയും രണ്ട് മഹോത്സവങ്ങളാണ് ഈ ക്ഷേത്രത്തില്‍ . ഖരമഹര്‍ഷി പ്രതിഷ്ഠിച്ചു. എന്നാണ് സങ്കല്‍പ്പം. വലിയ അടുക്കളയിലെ ചാരമാണ് ക്ഷേത്രത്തിലെ ഭസ്മം. പരശുരാമന്‍ കായലില്‍ നിന്നെടുത്ത് പ്രതിഷ്ഠിച്ചെന്ന് മറ്റൊരു ഐതീഹ്യവുമുണ്ട്. 108 ശിവാലയങ്ങളില്‍ ഒന്ന് . ഈ ക്ഷേത്രഗോപുരത്തിനടുത്തുകൂടി അവര്‍ണ്ണര്‍ക്ക് സഞ്ചരിക്കാനുളള അവകാശത്തിന് വേണ്ടിയായിരുന്നു പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം.

ശുക്രപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രം

പഴയ 32 പരശുരാമ ഗ്രാമങ്ങളില്‍ ഒന്നാണ് ശുക്രപുരം. രണ്ട് നില ചെന്പ് മേഞ്ഞ പ്രൗഢിയുളള ശ്രീകോവിലാണ് ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകത. പ്രധാന മൂര്‍ത്തി ശിവനാണെങ്കിലും ഈ ക്ഷേത്രത്തിലെ ഉപദേവനായ ദക്ഷിണാമൂര്‍ത്തിക്കാണ് കൂടുതല്‍ പ്രാധാന്യം. ഈ മൂര്‍ത്തിയുടെ ദര്‍ശനം തെക്കോട്ടാണ്. യമന്‍റെ രാജധാനിയെ നോക്കിയാണെന്നും ഭക്തന്മാരെ യമന്‍റെ പിടിയില്‍ നിന്ന് വിമുക്തരാക്കാനാണെന്നുമാണ് ഐതീഹ്യം.