ബോംബെ എന്ന ചിത്രത്തിലെ ‘ഉയിരേ’ എന്ന ഗാനം ശ്രദ്ധിച്ചാല്‍ മനസ്സിലാകും കാസര്‍കോട്ടെ ബേക്കലിന്‍റെ മനോഹാരിത. കടല്‍ തീരത്തോട് ചേര്‍ന്നു കിടക്കുന്ന ചരിത്ര പ്രസിദ്ധമായ കോട്ടയില്‍ കയറി നിന്നാല്‍ കടലിന്‍റെ വിശാലമായ ദൃശ്യം തരുന്ന നയനാനന്ദം മെറ്റെങ്ങു നിന്നും കിട്ടില്ല. ചരിത്രവും പ്രകൃതിയും ഒത്തു ചേരുന്നിടമാണ് ബേക്കല്‍. കേരള വിനോദ സഞ്ചാര രംഗത്ത് ഏറ്റവും സ്മരണീയമായ കാഴ്ചകളില്‍ ഒന്ന് ഈ കടല്‍ തീരം നല്‍കുന്നു.
കേരളത്തിന്‍റെ ഏറ്റവും വടക്കന്‍ ജില്ലയായ കാസര്‍കോട്ടാണ് ബേക്കല്‍. കാസര്‍ഗോഡു നിന്നും 14 കിലോമീറ്റര്‍ പടിഞ്ഞാറു മാറി കടല്‍തീരത്തായി കോട്ട സ്ഥിതിചെയ്യുന്നു. സുഖ കരമായ കാലാവസ്ഥയും നീണ്ടു കിടക്കുന്ന മണല്‍ പരപ്പും തിരമാലകളുടെ താളവും സന്തോഷവും ഉണര്‍വ്വും സഞ്ചാരികള്‍ക്ക് പ്രദാനം ചെയ്യുന്നു. കണ്ണെത്താദൂരം നീണ്ടു കിടക്കുന്ന തെങ്ങുംതോട്ടവും മായിക കാഴ്ച തന്നെയാണ്.
ബേക്കല്‍ ബീച്ചിനോട് ചേര്‍ന്നാണ് ബേക്കല്‍ കോട്ട. കേരളത്തിലെ ചരിത്രത്തിന്‍റെ ശേഷിപ്പുകള്‍ വിളിച്ചോതുന്നതായതിനാല്‍ കേടു കൂടാതെ ഇപ്പോഴും സൂക്ഷിക്കുന്നു. 35 ഏക്കറുകളിലായി പരന്നു കിടക്കുന്ന കോട്ടയുടെ പടിഞ്ഞാറന്‍ അതിര് കടല്‍ തീരത്താണ് അവസാനിക്കുന്നത്. തെങ്ങോലകളുടെ പച്ചപ്പും കടലിന്‍റെ നീലിമയും തിരകളുടെ വെണ്‍മയും പ്രകൃതി അസുലഭ വര്‍ണ്ണ കൂട്ടിനാല്‍ ഭംഗിയാക്കിയിരിക്കുന്നു. അതിനേക്കാള്‍ ഉപരിയാണ് കോട്ട നല്‍കുന്ന കടല്‍കാഴ്ച. ബേക്കല്‍ കടല്‍തീരം നല്‍കുന്ന മനോഹര കാഴ്ചകളില്‍ സൂര്യാസ്തമനവും പെടുന്നു.
ബലവത്തായ കല്ലുകള്‍ കൊണ്ടാണ് കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. കോട്ട സ്ഥിതി ചെയ്യുന്ന കുന്നിന്‍റെ ചരിവ് കടലിലേക്കാണ്. കോട്ടയുടെ ഒരോ ഭാഗത്തെ കിളി വാതിലുകള്‍ കടലിലൂടെ വരുന്ന വ്യാപാര കപ്പലുകളെ കാണാനാകുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. കടല്‍ കൊള്ളക്കാര്‍ ശത്രുക്കള്‍ എന്നിവരില്‍ നിന്നും കോട്ടയെ കിളി വാതിലുകളില്‍ ഉറപ്പിച്ചിരുന്ന തോക്കുകളാല്‍ സംരക്ഷിക്കപ്പെട്ടിരുന്നു. കോട്ടയ്‌ക്ക് സമീപത്തായി ടിപ്പു സുല്‍ത്താന്‍ പണി കഴിപ്പിച്ച ഒരു മോസ്ക്ക് ചരിത്രത്തോടൊപ്പം വിവിധ മത സംസ്ക്കാരത്തിന്‍റെ പ്രതിഫലനം കൂടിയാണ്.
ബെക്കലിന്‍റെ ടൂറിസ സധ്യതകള്‍ തിരിച്ചറിഞ്ഞ് വിനോദ സഞ്ചാര വകുപ്പ് വിവിധ പദ്ധതികള്‍ക്കായി 8.14 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ബേക്കാല്‍ മനോഹരമാക്കുന്ന പദ്ധതിയുടെ ഭാഗമായി ബേക്കാല്‍ ബീച്ച് ഭാഗം, തൃക്കന്നാഥ ക്ഷേത്രം ബീച്ച്, കൊവ്വാള്‍ ബീച്ച്, കോട്ടയുടെ വടക്കന്‍ ബീച്ച് എന്നിവ പുതുക്കി പണിയാനാണ് പദ്ധതി. വൈദ്യുതീകരണം, പാര്‍ക്കിംഗ് സംവിധാനങ്ങള്‍, ഷിഫ്റ്റ് ടെന്‍ഡുകള്‍ ഒരുക്കല്‍, എന്നിവ ബേക്കല്‍ ബീച്ചില്‍ ഒരുക്കും.
കൊവ്വാള്‍ ബീച്ചില്‍ പോലീസ് ബൂത്ത്, ടോയ്‌ലറ്റുകള്‍, സ്നാക്ക് ബാറുകള്‍, ഫുട്പാത്തുകള്‍, എന്നിവയും തൃക്കന്നാഥ ബീച്ചില്‍ റസ്റ്റോറന്‍റ്, പോലീസ് ബൂത്ത്, പാത്ത്‌വേകള്‍, വൈദ്യുത ദീപാലങ്കാരങ്ങള്‍, ടോയ്‌ലറ്റുകള്‍ എന്നിവ ഒരു കോടി മുടക്കിയാണ് ഒരുക്കുന്നത്. എട്ടു ലക്ഷം മുടക്കി മനോഹരമാക്കുന്ന ബേക്കല്‍ നോര്‍ത്ത് ഫോര്‍ട്ട് ബീച്ചില്‍ ടൂറിസ്റ്റുകളുടെ രക്ഷയ്‌ക്കായി രണ്ടു ലൈഫ് ഗാര്‍ഡുകളെയും നിര്‍ത്തും. ഇന്‍ഫൊര്‍മേഷന്‍ സെന്‍റര്‍, ടൂറിസം പോലീസ് ബൂത്ത്, ബാസ്ക്കെറ്റ്ബോള്‍ വോളിബോള്‍ കോര്‍ട്ടുകള്‍ എന്നിവയും ഇവിടെയാണ് നിര്‍മ്മിക്കുക.
ഏറ്റവും അടുത്ത വിമാനത്താവളം കര്‍ണ്ണാടകയുടെ മാഗ്ലൂരിലാണ്. 50 കിലോമീറ്റര്‍ അകലെ. കേരളത്തിന്‍റെ ഏതു ഭാഗത്തു നിന്നും കാസര്‍ഗോഡ് എത്തിച്ചേരാന്‍ ട്രയിന്‍, ബസ് ഗതാഗത സൌകര്യങ്ങളുമുണ്ട്. ഓഗസ്റ്റ് സെപ്തംബറാണ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. ബീച്ചിനോട് സമീപത്ത് താമസ സൌകര്യത്തിനായി ധാരാളം ലോഡ്ജുകളുമുണ്ട്.