ഏഴിമലയുടെ സൌന്ദര്യം

Webdunia
FILEWD
വര്‍ഷത്തില്‍ ഏതു സമയവും സന്ദര്‍ശിച്ച് മടങ്ങാവുന്ന സുന്ദര തീരമാണ് എഴിമല ബീച്ച്. പനം തലപ്പുകള്‍ അതിര് കാക്കുന്ന ഇവിടം ഏതൊരു സഞ്ചാരിയുടെയും മനം മയക്കുമെന്നത് സത്യം.

അനന്തമായി നീണ്ട് കിടക്കുന്ന മണല്‍ തീരം. അലയടിച്ചുയരുന്ന പാല്‍ തിരമാലകള്‍. അസ്തമന സൂര്യന്‍റെ വെളിച്ചം കടത്തിവിടുന്ന ഇലച്ചാര്‍ത്തുകള്‍. ഇവയെല്ലാം സഞ്ചാര പ്രിയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കാഴ്ചയാണ്.

ഏഴിമല ബീച്ചിനടുത്തുള്ള മല മറ്റൊരു ആകര്‍ഷണമാണ്. ഈ മലയിലേക്ക് നടക്കുമ്പോള്‍, ചരിത്രം ചിതറിക്കിടക്കുന്നു എന്ന സങ്കല്‍പ്പമുണ്ടായാല്‍ കുറ്റം പറയേണ്ടതില്ല. പാ‍റയില്‍ മിനുക്കിയെടുത്ത തൂണുകള്‍, പഴയ മുസ്ലീം പള്ളിയുടെ ഭാഗങ്ങള്‍ തുടങ്ങിയവ ഗതകാലത്തിന്‍റെ കഥ പറയാനായി കാത്തിരിക്കുകയാണിവിടെ.

ചരിത്രം

ഏഴിമലയ്ക്ക് രാഷ്ട്രീയ ചരിത്രത്തില്‍ അനന്യമായ സ്ഥാനമാണുള്ളത്. സംഘകാല രചനകളില്‍ ഈ പ്രദേശത്തെ ‘എഴില്‍ മലൈ’ (ഉയര്‍ന്ന കുന്ന്) എന്ന പേരിലാണ് വിവരിച്ചിരുന്നത്. പിന്നീട് സ്ഥലനാമം ലോപിച്ച് ഏഴിമല എന്നായി മാറിയെന്നാണ് കരുതുന്നത്. പഴയകാലത്ത് ‘എലി മല’, ‘മൂഷിക ശൈലം’, ‘സപ്ത ശൈലം’ എന്നീ പേരുകളിലും ഇവിടം അറിയപ്പെട്ടിരുന്നു.

പഴയകാലത്ത് നാവികരുടെ പ്രധാന കേന്ദ്രമായിരുന്ന ഏഴിമല മൂഷിക രാജവംശത്തിന്‍റെ ആസ്ഥാനമായിരുന്നു. നന്ദ രാജാവിന്‍റെ ഭരണകാലത്ത് ഈ ദേശത്തിന്‍റെ പ്രശസ്തി അതിരുകള്‍ കടന്നും വിഖ്യാതമായി.

ഇപ്പോള്‍ ഏഷ്യയിലെ തന്നെയും ഏറ്റവും വലിയ നാവിക അക്കാദമിയും ഏഴിമലയില്‍ രൂപം കൊള്ളുന്നു.