ശനിയാന്നേ..ഏഴരാണ്ടന്‍!

Webdunia
P.S. AbhayanWD
ദുര്‍ബ്ബലന് ഈയിടെ ഒരു എരിപൊരി സഞ്ചാരം. പത്രത്തില്‍ മുഖ്യന്‍റെ മുഖം കാണുമ്പോള്‍ അതങ്ങ് അധികരിക്കുന്നു.കാരണം മറ്റൊന്നുമല്ല കാര്‍ന്നോര്‍ക്ക് ഏഴരാണ്ട ശനിയാണല്ലോ എന്നൊരു ചിന്ത!

കാര്‍ന്നോര് തൊടുന്നതും പിടിക്കുന്നതുമെല്ലാം പ്രശ്നമാണ്. ങ്ഹാ..‘ആണ്ടബാധ കോണ്ടേ പോവൂ’ എന്നല്ലേ പറച്ചില്. മൂന്നാര്‍ ഒഴിപ്പിക്കല്‍ തുടങ്ങും വരെ അദ്ദേഹം സിനിമയിലൊക്കെ സുരേഷ്ഗോപി വരണ പോലെ അല്ലാരുന്നോ? ആരാണ്ട് കണ്ണുവച്ചതാന്ന് ഈ പാവം ദുര്‍ബ്ബലന്‍ ബലമായങ്ങ് വിശ്വസിച്ചു, പക്ഷേ അതൊന്നുമല്ല ശനി ചുറ്റിയതു തന്നെയാണെന്നാണ് ഇപ്പോ മനസ്സിലായി.

മൂന്നാര്‍ ഒഴിപ്പിക്കല്‍ രവീന്ദ്രന്‍ പട്ടയമഴയുടെ കുത്തൊഴുക്കിലല്ലേ ഒലിച്ചു പോയത്. നോക്കി നിന്ന ഈ പാവത്തിന്‍റെ കാല് വരെ തെറ്റുന്നപോലെ തോന്നി, എന്താ ആ ഒഴുക്കിന്‍റെ ശക്തി!

ഒഴിപ്പിക്കല്‍ ഒലിച്ച ആ മഴ ആരോ മന:പൂര്‍വ്വം പെയ്യിച്ചതാണെന്നാണ് ദുര്‍ബ്ബലന്‍ ആദ്യം കരുതിയത്. പിന്നെ സംഭവങ്ങളുടെ കെടപ്പ് പിടികിട്ടി, ശനിയാന്നേ..ഏഴരാണ്ടന്‍!

പക്ഷേ, ഇപ്പോള്‍ ദുര്‍ബ്ബലന് ഒരു സംശയം ആ ചെന്നൈക്കാരന്‍ എന്തിനാ കാര്‍ന്നോരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. കാര്‍ന്നോരെ പ്രസ്താവന ഇറക്കാന്‍ പോലും അനുവദിക്കാതെ അയ്യാള് ടി വീല് എന്തൊരെക്കെയോ വിളിച്ച് കൂവണ്. അതിനെതിരെ കാര്‍ന്നോര് അയ്യാളെ അറിയത്തില്ലാന്നോ എന്തരോ പറഞ്ഞു.

അയ്യയ്യോ പോരേ പുകില്. സഹിക്കാന്‍ മേലേ. കാര്‍ന്നോര് പറഞ്ഞ് തീര്‍ന്നതും ദാ കെടക്കണ് പത്ര മാധ്യമങ്ങള് എല്ലാം കൂടെ ഒരു പൊരിച്ചില്. സാക്ഷികളും പിതാവും ഓട്ടക്കാരും എല്ലാരും ഒരുപോലെ ഒരു മനുഷ്യനെ ഇങ്ങനങ്ങ് വറക്കാമോ?

ശത്രുവാന്നോ അദ്ദേഹം. ഇവരോട് ഉറക്കെ ചോദിച്ചാ അല്ല എന്ന് മറുപടി പറയും. രഹസ്യമായി ചോദിച്ചാലോ? തിക്കും പക്കും നോക്കി ഒരു ചോദ്യമാണ് നിനക്കറിയില്ലേ ദുര്‍ബ്ബലാ? പിന്നെയും നീ എന്തിനാ മെനക്കെടുന്നത്. ശനിയുടെ അപഹാരം തന്നെ അല്ലേ പിന്നെകാര്‍ന്നോര്‍ക്ക് ഈ ഗതി വരുമോ?

ദുര്‍ബ്ബലന് എല്ലാരോടും ഒറ്റക്കാര്യമേ പറയാനുള്ളൂ. സൂക്ഷിച്ചോ. തിരികെ വരും. അന്നൊരു ചോദ്യമുണ്ട്. ഓര്‍മ്മയുണ്ടോ ഈ മുഖം? ഇരുമ്പാണിക്കു പകരം ചെന്നൈയിലെ മാര്‍ക്കറ്റില്‍ നിന്ന് പലരും ഡ്യൂപ്ലിക്കേറ്റ് ആണിയും ഇറക്കി എന്ന് കാര്‍ന്നോര്‍ക്ക് മനസ്സിലായിട്ടുണ്ട് കേട്ടാ. ശനി മാറട്ടെ അപ്പോ കാണാം.