മുസ്ലി പവറിന്‍റെ ഒരു പവറേ!!

Webdunia
വ്യാഴം, 7 ജനുവരി 2010 (19:27 IST)
PRO
കയ്യില്‍ പത്തു പുത്തന്‍ വന്നാല്‍ പിന്നെ നാ‍ട്ടിലെ പ്രധാന പരിപാടിയുടെയെല്ലാം സ്പോണ്‍സര്‍ ആ പുത്തന്‍ പണക്കാരനായിരിക്കും. ആവണം. അതാണ് നാട്ടു നടപ്പ്. അങ്ങനെ നാട്ടിലെ കുടുംബങ്ങള്‍ക്ക് മുഴുവന്‍ അധിക കരുത്ത് നേടിക്കൊടുത്തിരിക്കുമ്പോഴാണ് നമ്മുടെ എബ്രഹാം അച്ചായന് എന്നാ പിന്നെ കുറച്ചു പൈസ ‘കളി’ക്ക് വേണ്ടി അങ്ങ് ചെലവാക്കിയാലോ എന്നൊരു പൂതിമുളച്ചത്.

ഏതെങ്കിലും ‘കളി’യില്‍ കയറി പണം മുടക്കാന്‍ അച്ചായന് താല്‍‌പ്പര്യമില്ല. കളിച്ചു കഴിഞ്ഞാല്‍ അത്യാവശ്യം ക്ഷീണമൊക്കെ തോന്നണം. അതുകൊണ്ട് ക്രിക്കറ്റിലേക്ക് ആദ്യമേ ഇല്ലെന്ന് അച്ചായന്‍ പറഞ്ഞു. ഒന്നുകില്‍ തങ്ങളുടെ നിലവാരമുള്ള കളിയായിരിക്കണം. അല്ലെങ്കില്‍ പിന്നെ ‘അധിക കരുത്ത്’ എന്നൊക്കെ പറയുന്നത് വെറും പരസ്യവാചകമായിപ്പോവും.

അങ്ങിനെ ഇരിക്കുമ്പോഴാണ് ഫുട്ബോള്‍ തറവാട്ടുകാരനായ ഗോവയിലെ അലിമാവോ മൂപ്പന്‍ വന്നു പറയുന്നത്. കരുത്തു കൂട്ടാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്ന്. ആദ്യമായി വന്ന ആളല്ലേ. കൊടുത്തു. ഒന്നും രണ്ടുമല്ല. 18 കോടി. അച്ചായന്‍റെ ഒരു സ്റ്റൈല്‍ അതാണ്. എടുക്കുമ്പോഴും ധാരാളി, കൊടുക്കുമ്പോഴും അങ്ങനെ തന്നെ!

ആദ്യ വര്‍ഷം തരക്കേടില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോയി. പിള്ളേര്‍ അച്ചായന്‍റെ ക്യാപ്സൂള്‍ കഴിച്ചില്ലെങ്കിലും ദേശീയ ലീഗെന്ന കുതിര പന്തയത്തില്‍ കിരീടവുമായി തിരിച്ചെത്തി. ഇതു കൂടി കണ്ടപ്പോള്‍ അച്ചായന് ബഹു സന്തോഷം. സംഗതി കൊള്ളാമല്ലോ. എന്‍റെ ക്യാപ്സൂള്‍ കഴിക്കാതെ തന്നെ ഇവന്‍‌മാര്‍ക്കിത്ര കരുത്തെങ്കില്‍ ക്യാപ്സൂള്‍ വിഴുങ്ങിയാലത്തെ സ്ഥിതിയെന്തായിരിക്കും. ആലോചിച്ചപ്പോഴേ അച്ചായന് രോമാഞ്ചം വന്നു.

പരീക്ഷണം അടുത്ത തവണയാവട്ടെന്ന് മനസ്സില്‍ കരുതി. കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങി അലിമാവോ മൂപ്പനും കുട്ടികളും കൊല്‍ക്കത്തയിലേക്ക് വിമാനം കയറിയപ്പോ തുടങ്ങിയതാണ് അച്ചായന് ആധി. നാട്ടുകാര്‍ക്ക് കരുത്തുകൂട്ടുമ്പോള്‍ പോലും ഇത്ര ആധിയില്ല. എങ്ങനെ ആധി പിടിക്കാതിരിക്കും.

ഇത്തവണ അലിമാവോ മൂപ്പനും കുട്ടികളും വിമാനം ഇറങ്ങാന്‍ പോവുന്നത് അധിക കരുത്തുമായായിരിക്കും. കളിക്കളത്തില്‍ അലിമാവോ മൂപ്പന്‍റെ കുട്ടികള്‍ കാളക്കൂറ്റന്‍‌മാരാകും. അച്ചായന്‍റെ കമ്പനിയുടെ പേര് ഇന്ത്യയില്‍ പ്രശസ്തമാവും. അങ്ങനെ സ്വപ്നം നെയ്ത് നെയ്ത് ഗോളടിക്കാന്‍ ഒരുങ്ങിയിരിക്കേയാണ് കാളിയെന്നോ ഒകോളിയെന്നോ പേരുള്ള ഒരുത്തന്‍ സ്പോണ്‍സറേക്കാള്‍ വലിയ സ്പോണ്‍സര്‍ ഭക്തി കാണിച്ചത്.

അതുവഴി വന്ന എയര്‍ഹോസ്റ്റസ് സുന്ദരിയ്ക്കിട്ടൊരു തോണ്ട്. ഇതു കണ്ട് മറ്റൊരുത്തനും തോണ്ടി. എന്നാ പിന്നെ ഞാനുമെന്ന മട്ടില്‍ മാനേജരും തോണ്ടി. അങ്ങിനെ തോണ്ടിക്കളിച്ച് കരുത്ത് പ്രകടമാക്കിയപ്പോഴാണ് പൈലറ്റ് ഇടപെട്ട് എല്ലാവരെയും മുംബൈ വിമാനത്താവളത്തില്‍ ഇറക്കി വിട്ടത്.

പിന്നെ കേസായി അറസ്റ്റായി. അങ്ങനെ അച്ചായനും കമ്പനിക്കും നാട്ടിലുള്ളതിനേക്കാള്‍ നാണക്കേടുമായി. അച്ചായന്‍റെ സ്പോണ്‍സര്‍ഷിപ്പു കൊണ്ടു തന്നെ ഇത്രയൊക്കെ കരുത്ത് കൂടിയെങ്കില്‍ അച്ചായന്‍റെ ക്യാപ്സൂള്‍ കഴിച്ചാല്‍ ഗതിയെന്താവുമെന്ന് ഓര്‍ത്ത് മറ്റ് ടീമുകളിലെ താരങ്ങള്‍ക്ക് ഇപ്പോള്‍ ഇരിക്കപ്പൊറുതിയില്ലെന്നാണ് കേള്‍വി.