പള്ളിക്കെട്ട് - കെട്ടുമുറുക്ക്

Webdunia
ശബരിമലയാത്രയിലെ പ്രധാനാംശമാണ് കെട്ടുമുറുക്ക്. ഇതിനുപയോഗിക്കുന്ന സഞ്ചിയാണ് "ഇരുമുടി'. സഞ്ചിക്കു മുന്‍കെട്ടെന്നും പിന്‍കെട്ടെന്നും രണ്ടു ഭാഗങ്ങള്‍. കെട്ടിന്‍റെ വൈചിത്യ്രം കൊണ്ട് നടുക്ക് മൂന്നാമതൊരറയും കൂടി ഉണ്ടാക്കാം. ഇതിനെ നടുക്കൈട്ടെന്നു പറയുന്നു.

ഒരയ്യപ്പനാവശ്യമുള്ള മിക്ക സാധനങ്ങളും ഈ ഇരുമുടിക്കെട്ടില്‍ കൊള്ളിക്കാന്‍ കഴിയും. സ്വാമിക്ക് അഭിഷേകത്തിനുള്ള നെയ്ത്തേങ്ങ, കര്‍പ്പൂരം, കടുത്തസ്വാമിക്കുള്ള അവല്‍, മലര്‍, പൊടികള്‍, കാണിക്ക, വഴിപാടുസാധനങ്ങള്‍, അരി ഇവയും സാധനങ്ങളും മുന്‍കെട്ടില്‍ നിറയ്ക്കുന്നു.

പിന്‍കെട്ടില്‍ ഭക്ഷണത്തിനുള്ള ഇതരപദാര്‍ത്ഥങ്ങള്‍, സ്വാമി പൂജയ്ക്കുള്ള മറ്റു സാമഗ്രികള്‍ ഇവയും നിറയ്ക്കുന്നു. ഇവയില്‍ പ്രധാനമായവ ചെറിയ സഞ്ചികളില്‍ നിറച്ചാണ് കെട്ടില്‍ നിക്ഷേപിക്കുന്നത്.

ഗുരുവിന്‍റെ ആജ്ഞാനുസരണം ലക്ഷണയുക്തമായ നാളികേരത്തില്‍ സ്വാമിക്ക് അഭിഷേകത്തിനുള്ള നെയ്യ് നിറച്ച് തയ്യാറാക്കി വയ്ക്കുന്നു. ഏറ്റവും ഭക്തിയോടുകൂടി സ്വാമിയെ സ്മരിച്ചും ശരണം വിളിച്ചും ആണ് കര്‍മ്മം അനുഷ്ഠിക്കേണ്ടത്.

സ്വാമിയെ ധ്യാനിച്ച് ഉച്ചത്തില്‍ ശരണം വിളിച്ച് വെറ്റില, പാക്ക്, നാണയം, ഒരു നാളികേരം ഇവ ഒരുമിച്ച് ശ്രീ പരമശിവനെ സ്മരിച്ച് ഭക്തിയോടെ മുന്‍കെട്ടില്‍ വാരി ഇട്ടു നിറയ്ക്കുന്നു. പിന്നീട് ഭക്തിപുരസ്സരം മൂന്നുപ്രാവശ്യം കൈനിറയെ അരി മുന്‍കെട്ടില്‍ ഇടുന്നു. സ്വാമിയുടെ മുദ്രയായ നെയ്ത്തേങ്ങ ഭദ്രമായി അതില്‍ വയ്ക്കുന്നു.