പിരിയുവാന്‍ വയ്യ, ഏതു സ്വര്‍ഗം വിളിച്ചാലും...

Webdunia
തിങ്കള്‍, 25 ജനുവരി 2010 (19:29 IST)
PRO
ആരോടൊക്കെ സമാധാനം പറയണം? സുഹൃത്തുക്കളോട്, ലോകമെങ്ങുമുള്ള ആരാധകരോട്...അതൊക്കെയും സഹിക്കാം, ജീവനു തുല്യം സ്നേഹിക്കുന്ന സ്വന്തം മക്കളോട് എന്തു പറയും? അതുകൊണ്ടു തന്നെ ആവര്‍ത്തിച്ചു പറയുന്നു - “ഇല്ല..ഞങ്ങള്‍ പിരിയുന്നില്ല”.

കഴിഞ്ഞ ദിവസങ്ങളില്‍ ഹോളിവുഡിനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു ‘വിവാഹമോചന’ വാര്‍ത്തയെക്കുറിച്ചാണ് പറഞ്ഞു വന്നത്. ഹോളിവുഡിലെ മിന്നുന്ന ദമ്പതികളായ ബ്രാഡ് പിറ്റും ആഞ്ചലിന ജോളിയും പിരിയുന്നതായാണ് വാര്‍ത്ത പരന്നത്. അങ്ങനെ ഒരു ആലോചന ഇരുവര്‍ക്കുമുള്ളതായി ഏവര്‍ക്കും അറിയാം. എങ്കിലും ഇരുവരുടെയും പ്രതികരണമറിയാന്‍ ലോകം കാതോര്‍ത്തു. പ്രതികരണമെത്തി, ‘പിരിയുന്നില്ല’ എന്നായിരുന്നു അത്.

“അവര്‍ക്ക് പിരിയാനാവില്ല. കാരണം അവര്‍ ഇപ്പോഴും പരസ്പരം അത്രമേല്‍ സ്നേഹിക്കുന്നു” ആഞ്ചലീനയോടും ബ്രാഡിനോടും അടുത്ത വൃത്തങ്ങള്‍ പറയുന്നു. അത്ര വലിയ സ്നേഹമാണെങ്കില്‍ പിന്നെ പിരിയുന്നതെന്തിന്? ചോദ്യം ന്യായം, പക്ഷേ കഥ നടക്കുന്നത് ഹോളിവുഡിലാണ്. വിവാഹമോചനമെന്നാല്‍ വെറും ചായ കുടിക്കുന്ന ലാഘവം മാത്രമേയുള്ളൂ എന്ന് അറിയാത്തത് ആര്‍ക്കാണ്? എന്നാല്‍ ഇപ്പോള്‍ പ്രചരിച്ച വാര്‍ത്തയില്‍ കഴമ്പില്ല എന്നതു തന്നെയാണ് സത്യം.

അഞ്ചുവര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തില്‍ ഇരുവര്‍ക്കും സ്വന്തമായുള്ളത് ആറ്‌ കുട്ടികളാണ്. അതില്‍ മൂന്നു പേരെ ആഞ്ചലീന ദത്തെടുത്തതാണ്. ചെറിയ ചെറിയ പ്രശ്നങ്ങളില്‍ തട്ടി ‘എങ്കില്‍ വേര്‍പെട്ടുകളയാം’ എന്ന് തീരുമാനമെടുക്കുമ്പോള്‍ ഈ കുട്ടികള്‍ അനാഥരാകുമെന്ന ചിന്ത ഇരുവരെയും പിന്തിരിപ്പിക്കുന്നതാണ് ഇവരുടെ സുഹൃത്തുക്കള്‍ പറയുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഒരിക്കലും പിരിയാതിരിക്കാനായി ഇരുവരും കണ്ടെത്തിയ കാരണം കൂടിയാണ് ഈ കുട്ടികള്‍.

ഇപ്പോഴും കടുത്ത പ്രണയത്തിലാണ് ബ്രാഡ് പിറ്റും ആഞ്ചലീന ജോളിയുമെന്നാണ് ഏറ്റവും പുതിയ പാപ്പരാസി റിപ്പോര്‍ട്ട്. അപ്പോള്‍ പിന്നെ, വിവാഹമോചനത്തിനുള്ള നിയമോപദേശത്തിനായി ഇരുവരും അഭിഭാഷകരെ കണ്ടതായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വാര്‍ത്തയോ? നിയമപരമായി വിവാഹമേ കഴിച്ചിട്ടില്ലാത്ത ഇരുവരും തമ്മില്‍ വിവാഹമോചനത്തിനായി എന്തിന് കോടതിയെ സമീപിക്കണമെന്ന മറുചോദ്യമാകും ഉത്തരമായി ലഭിക്കുക.

നടി ജെന്നിഫര്‍ ആനിസ്റ്റണുമായി പിരിഞ്ഞ ശേഷം മറ്റൊരു കൂട്ടിനായി ദാഹിച്ചിരിക്കവേയാണ് ബ്രാഡ് പിറ്റ് 2004ല്‍ ആഞ്ചലീനയെ കാണുന്നത്. രണ്ടു വിവാഹങ്ങള്‍ക്ക് വിരാമമിട്ട് ആഞ്ചലീനയും ഏകാന്തയായി കഴിയുകയായിരുന്നു അപ്പോള്‍. ‘മിസ്റ്റര്‍ ആന്‍റ് മിസിസ് സ്മിത്ത്’ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുന്നതിനിടെ ഇരുവരും മാനസികമായും ശാരീരികമായും അടുത്തു.

ഒന്നിച്ചു ജീവിക്കാമെന്നുള്ള തീരുമാനം അന്നെടുത്തതാണ്. ഈ അഞ്ചു വര്‍ഷത്തിനിടെ എത്ര തവണ ഇവര്‍ പിരിയുന്നതായുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു? എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ? അതാണ് പറയുന്നത്, ഇരുവരും ഇപ്പോഴും പ്രണയത്തിന്‍റെ പനിക്കിടക്കയിലാണെന്ന്. അത്രമേല്‍ സ്നേഹിക്കയാല്‍ ഈ ഇണക്കിളികള്‍ ഇനിയും അവരുടെ ആകാശത്ത് പാറിപ്പറന്നുകൊണ്ടേയിരിക്കും.