ജോലിത്തിരക്ക് പ്രണയത്തെ കൊല്ലും

Webdunia
തിങ്കള്‍, 21 ജൂണ്‍ 2010 (15:37 IST)
PRO
‘പ്രണയിക്കാന്‍ സമയമില്ല’ - ഇന്നത്തെ യുവത്വത്തിന്‍റെ സ്ഥിരം പറച്ചിലാണിത്. അതൊരു വലിയ കാര്യമെന്നപോലെ പറയുന്നവരും ദുഃഖത്തോടെ പറയുന്നവരും ഉണ്ട്. പ്രണയിക്കാനുള്ള സമയം കണ്ടെത്താന്‍ കഴിയാതെ ഓടിനടക്കുകയാണ് ഏവരും. ജോലിത്തിരക്ക് തന്നെ കാരണം. ഒരിടത്തിരിക്കാന്‍ സമയമില്ല, ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ സമയമില്ല, പിന്നല്ലേ പ്രണയം?

പ്രണയിക്കാന്‍ അങ്ങനെ പ്രത്യേകം സമയം ആവശ്യമാണോ? അതും ഒരു ചോദ്യമാണ്. ഒരു പുഞ്ചിരി, കണ്ണുകൊണ്ടുള്ള ഒരു കഥ പറച്ചില്‍ ഇതൊന്നും അധികം സമയം അപഹരിക്കുന്ന കാര്യങ്ങളല്ല. എന്നാല്‍ പ്രണയപങ്കാളിക്കൊപ്പം കുറച്ചുനേരം ചെലവഴിക്കാന്‍ ജോലിത്തിരക്കുമൂലം കഴിയുന്നില്ലെങ്കില്‍, അത് പ്രശ്നമാണ്. ജോലിത്തിരക്ക് കാരണം പ്രണയബന്ധത്തെ വേണ്ടരീതിയില്‍ പരിഗണിക്കാന്‍ കഴിയാതെ പോയാല്‍ പ്രണയത്തകര്‍ച്ച തന്നെയാകും ഫലം.

ജോലിയുടെ സമ്മര്‍ദ്ദം മൂലം പ്രണയജീവിതത്തിന് മനസ് സന്നദ്ധമാകാത്തതും കുഴപ്പമാണ്. ഏറ്റവും പ്രധാനപ്പെട്ട ഒരു ഫയല്‍ അടുത്ത ദിവസം സബ്മിറ്റ് ചെയ്യാനുണ്ടെങ്കില്‍, അത് ചെയ്തുതീര്‍ക്കാന്‍ ഏറെ മണിക്കൂറുകള്‍ ആവശ്യമാണെങ്കില്‍ അവിടെ സമ്മര്‍ദ്ദം ഉണ്ടാകുന്നു. പ്രണയത്തിനായി സമയം നീക്കിവയ്ക്കാനാവാതെ വരുന്നു. ആ സമ്മര്‍ദ്ദത്തില്‍ പ്രണയപങ്കാളിയോട് അല്‍പ്പം കടുത്ത രീതിയില്‍ പെരുമാറേണ്ടി വരുന്നു. പോരേ പൂരം?

പ്രാണേശ്വരിയെയും കൂട്ടി ഒരു ലഞ്ചും സിനിമയും പ്ലാന്‍ ചെയ്തിരിക്കുമ്പോഴായിരിക്കും ഓഫീസില്‍ ഇന്‍സ്പെക്ഷന്‍. മാറിനില്‍ക്കാനാവാത്ത അവസ്ഥ. ഇതെങ്ങാനും പറഞ്ഞാല്‍ പ്രാണേശ്വരിക്ക് മനസിലാകുമോ? അവിടെ ഒരു പ്രണയകലഹം രൂപപ്പെടുന്നു. ഇനി അതൊന്നു സോള്‍വ് ചെയ്യാന്‍ ഒരു ദിവസം ലീവെടുത്ത് കറങ്ങാന്‍ പോകാമെന്ന് തീരുമാനിക്കുന്നു. അന്ന് ലീവ് കിട്ടിയില്ലെങ്കിലോ?

പ്രണയിതാക്കള്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ അവര്‍ സംസാരിക്കുന്നത് ഓഫീസ് വിഷയങ്ങളാണെങ്കില്‍ കാര്യം എത്ര ബോറായിരിക്കും? രണ്ടുപേര്‍ക്കും സംസാരിക്കാനുള്ളത് ഓഫീസിലെ പ്രശ്നങ്ങള്‍. ഇത് അസ്വസ്ഥത സൃഷ്ടിക്കും. ഓഫീസ് വിഷയങ്ങള്‍ സംസാരിക്കാനാണ് തമ്മില്‍ കാണുന്നതെങ്കില്‍, കാണാതിരിക്കുന്നതല്ലേ ഭേദം എന്ന ചിന്ത ഉടലെടുത്തേക്കാം. ഫോണില്‍ അല്‍പ്പം കിന്നാരം പറയാമെന്ന് കരുതിയാലോ, പ്രണയപങ്കാളിക്ക് സംസാരിക്കാന്‍ സമയമില്ല. സമയമുണ്ടെങ്കിലോ, സംസാരം മുഴുവന്‍ ജോലിയുടെ തിരക്കും പ്രശ്നങ്ങളും.

ജോലിപോലെ തന്നെ ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു സംഗതിയാണ് പ്രണയമെന്ന് മനസിലുറപ്പിച്ചാല്‍ ഈ പ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരമാകും. നമ്മള്‍ ശ്വസിക്കാനും ഭക്ഷണം കഴിക്കാനും വെവ്വേറെ സമയം എടുക്കാറുണ്ടോ? അതുപോലെയാണ് ജീവിതം. ഒരുപാടുകാര്യങ്ങള്‍ ഒരുമിച്ച് മാനേജ് ചെയ്യേണ്ടി വരും. ജോലിയോടൊപ്പം പ്രണയവും കൊണ്ടുപോകാം. ജോലിത്തിരക്കുകള്‍ പരസ്പരം മനസിലാക്കണം. സമയം കിട്ടുമ്പോഴൊക്കെ പങ്കാളിയുടെ അടുത്തെത്താം. അവര്‍ക്കുവേണ്ടി കുറച്ചുസമയം ചെലവഴിക്കാം. ഒരുകാര്യം മനസിലാക്കുന്നത് നന്ന്. ഐസ് ക്രീം പാര്‍ലറുകളിലും ഷോപ്പിംഗ് മാളുകളിലും മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലും സമയം ചെലവഴിക്കുന്ന രീതിയിലുള്ള പ്രണയമാണ് നിങ്ങളുടേതെങ്കില്‍ ജോലി ഒരു അത്യാവശ്യ ഘടകം തന്നെയാണ്. പ്രണയത്തിന്‍റെ പേരില്‍ ജോലിയില്‍ ഉഴപ്പാന്‍ പാടില്ലെന്ന് സാരം.