എന്നോടെന്തിനീ പിണക്കം....

Webdunia
ബുധന്‍, 13 ഒക്‌ടോബര്‍ 2010 (15:00 IST)
PRO
പിണക്കങ്ങള്‍ പലപ്പോഴും തമാശയാവില്ല. എന്നാലും മിക്കതും ആദ്യത്തെ ദേഷ്യം അടങ്ങിക്കഴിഞ്ഞാല്‍ പിന്നെ തമാശയായി തോന്നാം. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നല്ല സമയവും ഇതാണ്. കമിതാക്കളില്‍ പിണക്കവും വിരഹവും സാധാരണയാണ്. വിരഹമുണ്ടാകുമ്പോഴാണ് പല പ്രണയങ്ങളും തിരിച്ചറിയുകപോലും ചെയ്യുന്നത് എന്നു പറയാം.

സാധാരണമായ സ്നേഹപ്രകടനത്തിലൂടെ പ്രണയിതാക്കള്‍ക്ക് പ്രശ്നം പരിഹരിക്കാം. അത് ആശ്ലേഷിക്കലോ, ചുംബനമോ ആകാം. പിണക്കങ്ങള്‍ സ്നേഹത്തിന്‍റെ മാറ്റുകൂട്ടുകയേയുള്ളൂ.

പക്ഷേ, പിണങ്ങുകയും ഇണങ്ങുകയും ചെയ്യുമ്പോഴും ഏതെങ്കിലും കാര്യത്തില്‍ സ്ഥായിയായി അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നത് നന്നല്ല. വിട്ടുവീഴ്ചകള്‍ക്കു ശ്രമിക്കുക. എന്തെങ്കിലും കാര്യത്തില്‍ ഇഷ്ടക്കേടുണ്ടെങ്കില്‍ അതു പങ്കാളിയെ അറിയിക്കാം. പക്ഷേ ആ വിഷയത്തില്‍ ആവര്‍ത്തിച്ചു പ്രശ്നങ്ങള്‍ ഉണ്ടാകരുത്.

മൌനം നല്ല മാര്‍ഗ്ഗമാണ്. പിണക്കങ്ങള്‍ വലുതാവാന്‍ വാദപ്രതിവാദങ്ങള്‍ കാരണമാകും. മൌനത്തിന് ഏറെ അര്‍ത്ഥമുണ്ട്. വഴക്കടിക്കുമ്പോള്‍ തന്നെ പങ്കാളിയുടെ കാഴ്ചപ്പാടു കൂടി കാണാന്‍ ശ്രമിക്കുക. ചിലപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നതിലും ആഴമുള്ളവയായിരിക്കും പങ്കാളി പറയുന്ന കാര്യങ്ങള്‍.

നിസാര കാര്യങ്ങള്‍ക്ക് അമിതമായി പ്രതികരിക്കുക, പിണങ്ങിപ്പോകുക, എന്തെങ്കിലും നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ പങ്കാളിയില്‍ അസ്വസ്ഥതയുണ്ടാക്കും. അതിനാല്‍ ശ്രദ്ധയോടെ വേണം ഏതുകാര്യത്തിലും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍. പിണങ്ങാന്‍ എളുപ്പമാണെങ്കിലും ഇണങ്ങുക അത്ര ഈസിയല്ല എന്നത് ഓര്‍ക്കണം.

പിണക്കം മാറ്റാനായി നല്ല ഗിഫ്റ്റുകള്‍ പങ്കാളിക്ക് സമ്മാനിക്കാം. ചില സര്‍പ്രൈസുകള്‍ നല്‍കി അതിശയിപ്പിക്കാം. പെട്ടെന്ന് യാത്രകള്‍ പ്ലാന്‍ ചെയ്യാം. ‘നിന്‍റെ പിണക്കം മാറുമെങ്കില്‍ ശൂന്യാകാശത്തേക്ക് യാത്രപോകാനും ഞാന്‍ ഒരുക്കമാണെ’ന്ന് പറഞ്ഞ ആ കൂട്ടുകാരനെ ഇക്കാര്യത്തില്‍ ഏവരും ഗുരുവായി സ്വീകരിക്കുന്നത് ഉത്തമം.