മകരജ്യോതിയിലെ വിശ്വാസം സത്യമാണോ? സത്യം വിശ്വസിക്കാമോ ?

Webdunia
ശനി, 14 ജനുവരി 2017 (14:48 IST)
സൂര്യന്‍ ധനുരാശിയില്‍ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമ പൂജ നടത്തുന്നത്. സൂര്യന്‍ രാശി മാറുന്ന മുഹൂര്‍ത്തത്തില്‍ സംക്രമാഭിഷേകം നടക്കും. മകരമാസം ഒന്നാം തിയതി പൊന്നമ്പല്‍മേട്ടില്‍ തെളിയുന്ന മകരവിളക്ക് കാണാന്‍ ഭക്തജനങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പേ തന്നെ എത്തി തുടങ്ങും.
 
എന്നാല്‍, ഭക്തര്‍ വിശ്വാസപൂര്‍വ്വം ദര്‍ശിക്കുന്ന മകരജ്യോതി അമാനുഷികമാണോ അതോ മാനുഷികം തന്നെയാണോ എന്ന തര്‍ക്കം കാലങ്ങളായി നിലനിന്നിരുന്നു. എന്നാല്‍, 2008ല്‍ വിവാദം കടുത്തപ്പോള്‍ മകരജ്യോതി മാനുഷിക നിര്‍മ്മിതമാണെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേശ്വര് സമ്മതിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും പൊലീസ് സംരക്ഷണയില്‍ പൊന്നമ്പലമേട്ടില്‍ എത്തി കര്‍പ്പൂരം കത്തിക്കുന്നതാണ് മകരജ്യോതി എന്നായിരുന്നു അന്ന് അദ്ദേഹം നല്കിയ വിശദീകരണം.
 
വിശ്വാസികള്‍ ഭക്തിയോടെ കാത്തിരുന്ന മകരജ്യോതി തെളിയുന്നത് എങ്ങനെയെന്ന് ആദ്യം മുതലേ തര്‍ക്കവിതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. പൊന്നമ്പലമേട്ടില്‍ ശാസ്താവിന്റെ മൂലസ്ഥാനത്ത് പണ്ട് ആദിവാസികള്‍ വിളക്ക് തെളിയിച്ച് ദീപാരാധന നടത്തിയിരുന്നു. മകരവിളക്കായി അറിയപ്പെട്ടത് ഇതായിരുന്നെന്ന് വാദിക്കുന്നവരുണ്ട്. 
 
പിന്നീട്, ആദിവാസികളെ മാറ്റി ദേവസ്വം ബോര്‍ഡ് അധികൃതര്‍ തന്നെ മകരവിളക്ക് തെളിയിക്കുകയായിരുന്നു. എന്നാല്‍, സര്‍ക്കാരും ദേവസ്വം ബോര്‍ഡും മകരവിളക്ക് തെളിയിക്കുന്നതിനുള്ള അനുമതി ആദിവാസികള്‍ക്ക് തന്നെ വിട്ടു നല്കണമെന്ന് വാദിക്കുന്നവരുമുണ്ട്. മകരവിളക്കിന്റെ കാര്യത്തില്‍ പലപ്പോഴായി വന്ന സര്‍ക്കാരുകള്‍ മൌനം പാലിച്ചതും പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. 
 
മകരവിളക്ക് കഴിഞ്ഞ് പൊന്നമ്പലമേട്ടില്‍ എത്തിയവരാണ് ‘മകരജ്യോതി’ തെളിഞ്ഞതിന്റെ ശേഷിപ്പുകള്‍ തല്‍സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് മകരജ്യോതി മാനുഷികസ്പര്‍ശം ഏറ്റ് തെളിയുന്നതാണെന്നുള്ള ധാരണ ചില വിശ്വാസികളിലെങ്കിലും ശക്തമായത്. എന്നാല്‍, മകരജ്യോതി മാനുഷികമാണെങ്കിലും അമാനുഷികമാണെങ്കിലും അതിനെ തള്ളിപ്പറയാന്‍ വയ്യെന്നാണ് മിക്ക വിശ്വാസികളുടെയും നിലപാട്.
 
അതേസമയം, കാലാന്തരത്തില്‍ മകരവിളക്കായി പരിഗണിച്ചത് ആദിവാസികള്‍ നടത്തിവന്ന പൂജയാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. അതുകൊണ്ടു തന്നെ വനംവകുപ്പും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കുന്നതിനു പകരമായി ആദിവാസികള്‍ക്ക് അവരുടെ പൂജയും ആചാരങ്ങളും വിട്ടുകൊടുത്ത് വിശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന ഭക്തിചൂഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്.
Next Article