കേരളം തലകുനിച്ചു, ഇവളുടെ നിലയ്ക്കാത്ത നിശ്ചയദാര്‍ഢ്യത്തിനു മുന്നിൽ!

തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (14:36 IST)
അമ്പിളി ഫാത്തിമ, പേരുകൊണ്ട് തന്നെ മലയാളികൾ ഏറെ ബഹുമാനിക്കുന്ന സ്ത്രീത്വം. അപൂർവ്വരോഗത്തെ അതിജീവിക്കാൻ ഹൃദയവും ശ്വാസകോശവും മാറ്റിവെച്ച അമ്പിളി ഫാത്തിമ (22) വിടപറഞ്ഞത് ഏപ്രിൽ 25നാണ്. രക്തത്തിലും ആന്തരികാവയവങ്ങളിലും ഉണ്ടായ അണുബാധയായിരുന്നു മരണകാരണം. തളരാത്ത നിശ്ചയദാർഡ്യമായിരുന്നു അമ്പിളിയ്ക്ക്. ജീവിതത്തോട് വല്ലാത്ത ആവേശമായിരുന്നു അമ്പിളി ഫാത്തിമയ്ക്ക്.  
 
''പേരില്‍ നിലാവും കണ്ണില്‍ രണ്ട് കുഞ്ഞ് നക്ഷത്രങ്ങളുമുള്ള നിന്റെ അധീരമാകാത്ത ഹൃദയത്തിനും നിലയ്ക്കാത്ത നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ തലകുനിക്കുന്നു. അതിന് വലിയൊരു സല്യൂട്ട്. നിന്റെ വിജയം കാണുമ്പോള്‍ ജീവിതയാത്രയിലെ പരീക്ഷണങ്ങളോട് ഞങ്ങള്‍ക്കും പറയാന്‍ തോന്നുന്നു; 'തോല്പിക്കാനാകില്ല' എന്ന്. രണ്ടാംവയസ്സില്‍ സുഷിരംവീണ ഹൃദയവുമായി തുടങ്ങിയതാണ് നിന്റെ ധീരമായ യാത്ര. കിതയ്ക്കുമ്പോഴും തളരാതെ മുന്നോട്ട്, വീണ്ടും മുന്നോട്ട്. സഹപാഠികളെപ്പോലെ നീ പറത്തിവിട്ട പട്ടങ്ങളും ആകാശം തന്നെയാണ് കൊതിച്ചത്''. അമ്പിളിയുടെ വിയോഗത്തിൽ ഖേദം പ്രകടിപ്പിച്ച് നടി മഞ്ജു വാര്യർ പറഞ്ഞ ഈ വാക്കുകൾ ഒരോ മലയാളിയ്ക്കും പറയാനുള്ളത് തന്നെയാണ്. 
 
ഹൃദയമുള്ളവരെ കണ്ണീരിലാഴ്ത്തിയായിരുന്നു അമ്പിളി യാത്രയായത്. അപൂർവ്വരോഗം ബാധിച്ച് ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാര് നിര്ദ്ദേശിച്ചപ്പോഴും അമ്പിളി ഫാത്തിമ പകച്ചുപോയില്ല. തന്നെക്കുറിച്ചാലോചിച്ച് ഒരിക്കലും കരയരുതെന്നാണ് ഈ എം കോം വിദ്യാർഥിനി ഉപ്പയ്ക്കും ഉമ്മയ്ക്കും നല്കിയ ഉപദേശം. 

വെബ്ദുനിയ വായിക്കുക