ബജാജ് ഡിസ്‌കവർ 150, ഹോണ്ട സിബി യൂനികോൺ 160 മോഡലുകൾക്ക് വിട!

Webdunia
ചൊവ്വ, 20 ഡിസം‌ബര്‍ 2016 (15:08 IST)
വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്ത മോഡലുകള്‍ നിര്‍ത്തലാക്കി പുതിയ മോഡലുകളെ അവതരിപ്പിക്കാന്‍ ബജാജ് ഒരുങ്ങുന്നു. അതിന്റെ ആദ്യപടിയായി ഡിസ്‌കവർ 150 മോഡലുകൾ പിൻവലിക്കാനുള്ള നടപടി കൈകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ബജാജ് ഓട്ടോ ലിമിറ്റഡ്. കഴിഞ്ഞ കുറച്ചുമാസങ്ങളിലായി ഡിസ്‌കവർ 150 മോഡലുകൾക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്ന വില്പന താരതമ്യേന കുറവാണ് എന്നതും ഈ ബൈക്ക് പിന്‍‌വലിക്കുന്നതിനുള്ള കാരണമാണ്.   
 
2016 ഓക്ടോബറില്‍ ഈ 150സിസി പ്രീമിയം കമ്യൂട്ടർ മോട്ടോർസൈക്കിളിന്റെ ഒരു യൂണിറ്റുപോലും വിറ്റഴിക്കപ്പെട്ടില്ല എന്നുള്ളതാണ് സങ്കടകരമായ മറ്റൊരു കാര്യം. മുമ്പ് ഡിസ്‌കവർ 150എഫ്, 150 എസ് എന്നിങ്ങനെയുള്ള രണ്ട് മോഡലുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു. ഈ മോഡലുകള്‍ ഇപ്പോളും വിപണിയില്‍ തുടരുന്നുണ്ട്. എന്നിരുന്നാലും വില്‍‌പനയിലെ ഇടിവുമൂലം താമസിയാതെതന്നെ മോഡലുകള്‍ പിന്‍‌വലിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
 
ഒരുപാടു പ്രതീക്ഷകളുമായി ഇരുചക്ര വാഹന വിപണിയിലെത്തിയ ബൈക്കായിരുന്നു ഹോണ്ട സിബി യൂനികോൺ 160. നിർഭാഗ്യമൊന്നുകൊണ്ടുമാത്രം ഈ സിബി യൂനികോൺ 160 മോഡലുകൾക്ക് ഇന്ത്യയിൽ പ്രതീക്ഷിച്ച വില്പന നേടാൻ സാധിച്ചില്ല. അതുകൊണ്ടുതന്നെ ഈ മോഡല്‍ വിപണിയിൽ നിന്നും പിൻവലിക്കുകയാണ്. 2016 ഓക്ടോബർ മാസത്തില്‍ ഈ മോഡലിന്റെ 26 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കപ്പെട്ടതെന്നതും ഈ ബൈക്ക് പിൻവലിക്കാനുള്ള ഒരു കാരണമായി കണക്കാക്കാന്‍ സാധിക്കും.    
 
75,184 രൂപയ്ക്കായിരുന്നു ഈ ഹോണ്ട സിബി യൂനികോൺ 160 മോഡലിനെ വിപണിയിലെത്തിച്ചത്. യൂനികോൺ 160 മോഡലിന്റെ വില്പനയിലുണ്ടായ ഇടിവുമൂലം 2004 ൽ ഇന്ത്യയില്‍ അരങ്ങേറിയ യൂനികോൺ 150 മോഡലിനെ 69,476രൂപയ്ക്ക് റീലോഞ്ച് ചെയ്യുകയും ചെയ്തു. വില്പനയിൽ യൂനികോൺ 160 മോഡലിനെ മറികടക്കാനും യൂനികോൺ 150ന് സാധിച്ചു. വില്പനയിൽ മികവുപുലർത്താത്ത മോഡലിന്റെ വില്പന തുടരുന്നതിൽ കാര്യമില്ലെന്ന കാരണത്താലാണ് സിബി യൂനികോൺ 160 മോഡലുകളെ പിൻവലിക്കുന്നത്.
 
Next Article