ചിക്കുന്‍‌ ഗുനിയയും പകര്‍ച്ചപ്പനിയും പിന്നെ....

Webdunia
തിങ്കള്‍, 24 ഡിസം‌ബര്‍ 2007 (17:21 IST)
WDWD
പകര്‍ച്ചപ്പനിയും ചിക്കുന്‍‌ഗുനിയയും മൂലം ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ മരിച്ച വര്‍ഷമായിരുന്നു 2007. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ഈ രോഗം ബാധിച്ചിരുന്നു.

പനിക്കാരെക്കൊണ്ട് സംസ്ഥാ‍നത്തെ എല്ലാ ആശുപത്രികളും തിങ്ങിനിറഞ്ഞു. പനിബാധിച്ച് മരിക്കുന്നവരുടെയും എണ്ണം ദിനം‌പ്രതി കൂടിവന്നു. പനിപിടിച്ചവരില്‍ 80 ശതമാനം പേരിലും ചിക്കുന്‍‌ഗുനിയ രോഗം സ്ഥിരീകരിച്ചു. രോഗം ഭേദമായിട്ടും പലര്‍ക്കും മാസങ്ങളോളം ശാരീരിക അവശതകള്‍ അനുഭവിക്കേണ്ടിയും വന്നു.

പത്തനംതിട്ട ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ പനിബാധിതര്‍ . ഇവിടുങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ സര്‍ക്കാര്‍ നിയമിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ ഒരോ വാര്‍ഡിനും 5000 രൂപ വീതം അനുവദിച്ചെങ്കിലും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായില്ല.

പകര്‍ച്ചപ്പനിയെക്കുറിച്ച് പഠിക്കുന്നതിനായി കേന്ദ്രസംഘം പലതവണ കേരളത്തില്‍ എത്തിയെങ്കിലും വ്യക്തമായ ഒരു കാരണം കണ്ടെത്താനായില്ല. കൊതുകുകള്‍ മൂലമാണ് പനി പടരുന്നതെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് സംസ്ഥാ‍ന വ്യാപകമായി കൊതുകു നശീ‍കരണം പ്രവര്‍ത്തനങ്ങളും നടത്തി.

ഇതിനായി പട്ടാളം തന്നെ രംഗത്തിറങ്ങുകയും ചെയ്തു. പനിയോടൊപ്പം ശരീരം നിറയെ വ്രണങ്ങളും പ്രത്യക്ഷപ്പെട്ടത് ഏറെ ആശങ്കയുണ്ടാക്കി. ചിക്കുന്‍‌ഗുനിയ വൈറസിന് ജനിതക പരിണാമം ഉണ്ടായതായതാണ് ഇതിന് കാരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമായി.

തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം,എറണാകുളം ജില്ലകളിലെ ഒരു ലക്ഷത്തോളം പനിബാധിതരിലാണ് ഐ.എം.എ പഠനം നടത്തിയത്. ഇവരില്‍ 60 ശതമാനം പേരിലും ചിക്കുന്‍‌ഗുനിയ രോഗം സ്ഥിരീകരിച്ചു. മുന്‍‌വര്‍ഷങ്ങളെ അപേക്ഷിച്ച് തീവ്രമായ രോഗലക്ഷണങ്ങളോടെയാണ് 2007ല്‍ പനി പ്രത്യക്ഷപ്പെട്ടത്.

സന്ധിവേദന, ശരീരം തളര്‍ച്ച, ചൊറിച്ചില്‍, വ്രണങ്ങള്‍ എന്നിവ മൂലം ജനങ്ങള്‍ കഷ്ടപ്പെടുന്ന കാഴ്ചയും കാണാമായിരുന്നു. വൈറസ് തലച്ചോറിനെ ബാധിക്കുന്നതായും കണ്ടെത്തി. ചിക്കുന്‍‌ഗുനിയ രോഗം കണ്ടെത്തിയ്‌വരുടെ ജനനേന്ദ്രിയങ്ങളിലും കൂടുതലായി വ്രണങ്ങള്‍ കണ്ടെത്തി.

അതേസമയം കേരളത്തില്‍ കണ്ടെത്തിയ ചിക്കുന്‍‌ഗുനിയ രോഗികളുടെ മരണകാരണമായിട്ടില്ലെന്നും പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.